പാചകത്തിന്റെ എബിസിഡി അറിയാത്തവരും ആത്മവിശ്വാസത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളിലൊന്നാണ് ബ്രെഡ് ടോസ്റ്റ്. എളുപ്പത്തില്‍ തയ്യാറാക്കി വയറു നിറയ്ക്കാം എന്നതു തന്നെയാണ് ബ്രെഡ് ടോസ്റ്റിനെ പ്രിയങ്കരമാക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ബ്രെഡ് ടോസ്റ്റ് ചെയ്തു നോക്കിയാലോ? രുചികരമായ സ്‌പൈസി മസാല ബ്രെഡ് ടോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍

ബ്രെഡ്- നാലെണ്ണം
സവാള- ഒരെണ്ണം
ക്യാരറ്റ്- അരകപ്പ്
കാബേജ്- അരകപ്പ്
കാപ്‌സിക്കം- കാല്‍ കപ്പ്
തക്കാളി- ഒരെണ്ണം
ജീരകം- ആവശ്യത്തിന്
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ജീരകം ഇടുക. ശേഷം പച്ചമുളകും സവാളയും അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ ക്യാരറ്റും കാബേജും കാപ്‌സിക്കവും ചെറുതായി അരിഞ്ഞുവച്ചത് ചേര്‍ക്കുക. ഉപ്പു ചേര്‍ത്ത് നന്നായിളക്കി ഇവ ഒരുവിധം പാകമാകുമ്പോള്‍ തക്കാളി കഷണങ്ങളാക്കിയത് ചേര്‍ക്കുക. നന്നായി വെന്തു വന്നതിനു ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഗരംമസാലയും ചേര്‍ക്കാം. ഒരു മിനിറ്റിനുശേഷം ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് വീണ്ടും ഇളക്കാം. ഉപ്പു പരിശോധിച്ച് മുകളില്‍ അല്‍പം മല്ലിയില ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കാം. ഇനി മറ്റൊരു പാനില്‍ വെണ്ണയോ നെയ്യോ എണ്ണയോ ചൂടാക്കി ഇതിലേക്ക് ബ്രെഡ് വച്ചു മൊരിച്ചെടുക്കാം. ശേഷം മുകളിലേക്ക് മസാലയിട്ട് വാങ്ങിവെക്കാം. ബ്രേക്ക്ഫാസ്റ്റ് വിഭവമായോ നാലുമണിപ്പലഹാരമായോ ഉപയോഗിക്കാം.

Content Highlights: spicy masala bread toast recipe