ചായയ്‌ക്കൊപ്പം ചൂടു പക്കോട കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. സാധാരണ പക്കോടയില്‍ നിന്നു വ്യത്യസ്തമായി മത്തങ്ങയും മാതളനാരങ്ങയും ഉപയോഗിച്ച് ഒരു പക്കോട ഉണ്ടാക്കിയാലോ?

ചേരുവകള്‍

മൈദ- 100 ഗ്രാം
എണ്ണ-  വറുത്തെടുക്കാന്‍ ആവശ്യമുള്ളത്
ഉപ്പ്- ആവശ്യത്തിന്
ഗരംമസാല- ഒരു ടീസ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
പുതിനയില- രണ്ടു തണ്ട്
മാതളനാരങ്ങാ അല്ലികള്‍- ഒരു കപ്പ്
മത്തങ്ങ- 250 ഗ്രാം
സവാള- അരക്കഷ്ണം

തയ്യാറാക്കുന്ന വിധം

ഒരു ബൗളെടുത്ത് മൈദ ഇട്ട് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചൂടാക്കിയ എണ്ണ, ഉപ്പ്, ഗരംമസാല, പുതിനയില, പച്ചമുളക് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. അല്‍പം വെള്ളമൊഴിച്ച് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഒരുപാട് അയഞ്ഞു പോവുകയുമരുത്. ഇതിലേക്ക് ചതുര രൂപത്തില്‍ കനം കുറച്ച് അരിഞ്ഞ മത്തങ്ങയും മാതള നാരങ്ങാ അല്ലികളും കനംകുറച്ച് അരിഞ്ഞ സവാളയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതില്‍ നിന്ന് ഓരോന്നായെടുത്ത് ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക. ഗോള്‍ഡന്‍ നിറമാവുമ്പോള്‍ മറിച്ചിട്ട് വറുക്കാം. ശേഷം വാങ്ങിവച്ച് സോസിനൊപ്പം കഴിക്കാം. 

Content Highlights: pumpkin pomegranate pakora recipe