നാലുമണിക്ക് എന്തു പലഹാരം ഉണ്ടാക്കാം എന്നു ചിന്തിക്കുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ കണ്ണില്‍ പൊടിയിടാന്‍ വ്യത്യസ്തമായി വിഭവങ്ങള്‍ അവതരിപ്പിക്കാതെ പറ്റുകയുമില്ല. കുട്ടികളെ പാട്ടിലാക്കാന്‍ പറ്റിയ പലഹാരമാണ് പൊട്ടറ്റോ സ്‌മൈലി. പൊട്ടറ്റോ സ്‌മൈലി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

1. ഉരുളക്കിഴങ്ങ് - 2 വലുത്

2. കോണ്‍ഫ്ലവർ - 5 ടേബിള്‍സ്പൂണ്‍

3. ബ്രഡ് പൊടിച്ചത് - 5 ടേബിള്‍സ്പൂണ്‍

4. ബ്രഡ് ക്രംപ്സ് - 1 ടേബിള്‍സ്പൂണ്‍

5. ഓയില്‍ - 1 ടേബിള്‍സ്പൂണ്‍

6. ഓയില്‍ - പിരിച്ചെടുക്കാന്‍ ആവശ്യത്തിന്

7. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചുവെയ്ക്കുക. ഒരു പാത്രത്തിലേക്ക് ഉരുളക്കിഴങ്ങ്, കോണ്‍ഫ്‌ളവര്‍, ബ്രഡ് പൊടിച്ചത്, ബ്രഡ് ക്രംപ്സ്, ഉപ്പ് എന്നിവ ചേര്‍ത്ത് മാവ് കുഴച്ചെടുക്കുക. അതിലേക്ക് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം 30 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കുക.

കുറച്ചു മാവെടുത്ത് ചപ്പാത്തിവലിപ്പത്തില്‍ കട്ടിയില്‍ പരത്തുക. റൗണ്ട് കട്ടറോ, അടപ്പോ ഉപയോഗിച്ച് സര്‍ക്കിള്‍ ഉണ്ടാക്കുക. ശേഷം സ്‌ട്രോ ഉപയോഗിച്ച് കണ്ണുകള്‍ ഉണ്ടാക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് സ്‌മൈല്‍ ഉണ്ടാക്കുക. 30 മിനിറ്റ് ഫ്രീസറില്‍ വെയ്ക്കുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ ഓയില്‍ ഒഴിച്ച് തിളപ്പിക്കുക. മീഡിയം ചൂടാവുമ്പോള്‍ ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന സ്‌മൈലി ഓരോന്നായി ഇടുക. ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ ഫ്രൈ ചെയ്യുക.

Content Highlights: potato smiley recipe