പൈനാപ്പിളും തേങ്ങാപ്പാലുമൊക്കെ ചേര്‍ത്ത് വ്യത്യസ്തമായ ഒരു കേക്ക് പരീക്ഷിച്ചാലോ?

ചേരുവകള്‍

 • മൈദ- 1.5 കപ്പ്
 • എണ്ണ(സണ്‍ഫ്‌ളവര്‍/വെജിറ്റബിള്‍)- മുക്കാല്‍ കപ്പ്
 • പഞ്ചസാര- മുക്കാല്‍ കപ്പ്
 • മുട്ട- ഒരെണ്ണം
 • ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
 • ബേക്കിങ് സോഡ- അര ടീസ്പൂണ്‍
 • കറുവാപ്പട്ടപ്പൊടി- അര ടീസ്പൂണ്‍
 • തേങ്ങാപ്പാല്‍- കാല്‍ കപ്പ്
 • ഡെസിക്കേറ്റഡ് കോക്കനട്ട്- അരക്കപ്പ്
 • പൈനാപ്പിള്‍ പള്‍പ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
 • പൈനാപ്പിള്‍ കഷ്ണങ്ങള്‍- കാല്‍ കപ്പ്
 • വാനില/ പൈനാപ്പിള്‍ എസ്സന്‍സ്- ഒരു ടീസ്പൂണ്‍
 • വിനാഗിരി- മുക്കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദയില്‍ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും കറുവാപ്പട്ടപ്പൊടിയും ചേര്‍ത്ത് അരിച്ചെടുക്കുക. മുട്ട, പഞ്ചസാര, എണ്ണ, പൈനാപ്പിള്‍ പള്‍പ്പ്, വിനാഗിരി, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്തു മിക്‌സിയില്‍ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതം ഒരു പാത്രത്തില്‍ പകര്‍ത്തിയതിനുശേഷം മൈദ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഡെസിക്കേറ്റഡ് കോക്കനട്ട്, പൈനാപ്പിള്‍ കഷ്ണങ്ങളും തേങ്ങാപ്പാലും ചേര്‍ത്തിളക്കണം. 

തയ്യാറാക്കിയ കേക്ക് മിശ്രിതം ബേക്ക് ചെയ്യാന്‍ ഉള്ള പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. കേക്ക് ബേക്ക് ചെയ്യാനായി കുക്കര്‍ സ്റ്റൗവില്‍ വച്ചശേഷം കുറച്ച് ഉപ്പുപൊടി നിരത്തുക. മുകളില്‍ പരന്ന ചെറിയ പാത്രമോ കിച്ചണില്‍ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വിസില്‍ മാറ്റിയശേഷം അടച്ച് ഒരുമിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കര്‍ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കര്‍ അടയ്ക്കുക. മീഡിയം തീയില്‍ വച്ചു 40-45 മിനിറ്റ് കൊണ്ടു തയ്യാറാക്കാം.

Content Highlights: pineapple coconut cake