എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് മാംഗോ പുഡ്ഡിങ്ങ്. മാമ്പഴകാലത്ത് പറമ്പിലെ മാങ്ങയെല്ലാം എന്ത് ചെയ്യുമെന്ന് സംശയം വേണ്ട അടിപൊളി പുഡ്ഡിങ്ങ് തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകള്‍ മതിയെന്നാണ് മറ്റൊരു ആകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഈ വിഭവം പരിചയപ്പെടാം

ചേരുവകള്‍

  1. മാംഗോ പ്യൂരി (മാമ്പഴം അരച്ചത്) - 1 കപ്പ്
  2. കണ്ടന്‍സ്ഡ് മില്‍ക്ക് - 1/2 കപ്പ്
  3. തിളപ്പിച്ച് ആറ്റിയ പാല്‍ - 400 മില്ലി
  4. പഞ്ചസാര - 1/4 കപ്പ്
  5. ചൈന ഗ്രാസ് - 10 ഗ്രാം

തയ്യാറാക്കുന്ന വിധം

ചൈന ഗ്രാസ്സ് കുതിര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു ഉരുക്കി എടുക്കുക.
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര, മാംഗോ പ്യൂരി എന്നിവ യോജിപ്പിച്ചു വച്ചതിലേക്ക് ഉരുക്കിയ ചൈന ഗ്രാസ്സ് ചേര്‍ത്ത് ഇളക്കി ഇഷ്ടമുള്ള മോള്‍ഡില്‍ ആക്കി സെറ്റ് ചെയ്ത് എടുക്കാം.

പാല്‍ ചൂടാറിയത് ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ മാംഗോ പ്യൂരി ചേര്‍ക്കുമ്പോള്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

Content Highlights: Mango pudding recipe