നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ നാട്ടുനടപ്പ്... പലതരം രുചിപ്പൊതികളുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ ഓടിനടക്കുമ്പോള്‍, ഇന്നുമുതല്‍ ഒപ്പമോടാന്‍ തയ്യാറെടുക്കുകയാണ് നമ്മുടെ സ്വന്തം ജയില്‍രുചികളും. ഹോട്ടലില്‍ പോകാതെ വിരല്‍ത്തുമ്പില്‍ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വീട്ടിലിരുന്നും ഓഫീസിലിരുന്നും കഴിക്കുന്നവരെ ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ജയിലിന്റെ പുതിയ 'ഓണ്‍ലൈന്‍' ഭക്ഷണവിതരണ സംരംഭം വ്യാഴാഴ്ച ആരംഭിച്ചു

തിരക്കേറിയ ജീവിതത്തില്‍, സ്വാദേറിയ ഭക്ഷണം സമയത്തിനും സൗകര്യത്തിനും കഴിക്കാനിഷ്ടപ്പെടുന്ന നഗരവാസികളുടെ മുന്നിലേക്ക് തടവുകാരുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങളാണ് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെയെത്തുക. 'ഫ്രീഡം കോംബോ ലഞ്ച്' എന്ന പദ്ധതിയുമായി കൈകോര്‍ക്കുന്നത് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ 'ഊബര്‍' ഈറ്റ്സാണ്.

കോംബോ പാക്ക് @ 125 !

ജില്ലാ ജയിലിലെ 'ഫ്രീഡം ഫുഡ്' ഫാക്ടറിയിലുണ്ടാക്കുന്ന വിഭവങ്ങളില്‍നിന്ന് ഒരു പാക്കറ്റ് ബിരിയാണി (സാലഡ്, പിക്കിള്‍ എന്നിവ ഉള്‍പ്പെടെ), അഞ്ച് ചപ്പാത്തി, ഒരു ചിക്കന്‍കറി (രണ്ട് പീസ്), ഒരുലിറ്റര്‍ വെള്ളം എന്നിവ അടങ്ങുന്ന കോംബോ പാക്കാണ് ആവശ്യക്കാര്‍ക്ക് മുന്നിലെത്തുക. ഇത്രയുമേറെ വിഭവങ്ങള്‍ വാങ്ങാന്‍ ഒത്തിരി കാശാവും എന്ന് ധരിക്കേണ്ട. ആകെ 125 രൂപ മാത്രമേ ഇതിന് ഈടാക്കുകയുള്ളൂ.

ഒരു സാധാരണ ഹോട്ടലില്‍നിന്ന് ഒരു ബിരിയാണി വാങ്ങിക്കഴിക്കുന്ന കാശിനാണ് ഇത്രയധികം വിഭവങ്ങള്‍ കിട്ടുന്നതെന്ന വസ്തുത ഈ സംരംഭത്തെ സവിശേഷമാക്കുന്നു. ഇതുകൂടാതെ ചപ്പാത്തി, ചില്ലി ചിക്കന്‍, നെയ്ച്ചോറ് തുടങ്ങിയ വിഭവങ്ങള്‍ വെവ്വേറെയായും കിട്ടും.

ജയില്‍വിഭവങ്ങളുടെ പൊതുവേയുള്ള വിലക്കുറവുതന്നെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലും ബാധകമാക്കിയിരിക്കുന്നത്.

ബിരിയാണിയും ചപ്പാത്തിയും കറിയുമെല്ലാം കുഞ്ഞുകുഞ്ഞു പൊതികളിലാക്കി എല്ലാംകൂടി ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞാണ് വിതരണക്കാരെ ഏല്‍പ്പിക്കുക.

ക്ലിക്ക് ചെയ്യൂ... അരികിലെത്തും

ഊബര്‍ ഈറ്റ്സിന്റെ ആപ്പില്‍ ഹോട്ടലുകളുടെ കൂട്ടത്തില്‍ വ്യാഴാഴ്ച മുതല്‍ ജില്ലാ ജയിലിന്റെ പേരും കാണാനാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫ്രീഡം ഫുഡ് കോംബോ പാക്കറ്റിനെക്കുറിച്ച് വിവരങ്ങള്‍ കിട്ടും, ഒപ്പം ഓര്‍ഡര്‍ ചെയ്യാനുമാവും. ജയിലില്‍നിന്ന് എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് തുടക്കത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിജയകരമായാല്‍ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെയാണ് ഓണ്‍ലൈന്‍ വിതരണത്തിന്റെ സമയം. ജയിലില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ തീര്‍ന്നാല്‍ ആപ്പില്‍ 'സോള്‍ഡ് ഔട്ട്' എന്ന സന്ദേശം കാണിക്കും.

കോംബോ ഓഫര്‍ ജയിലില്‍ നേരിട്ടുചെന്നാല്‍ കിട്ടില്ല, മറിച്ച് സാധാരണപോലെ ബിരിയാണിയും ചപ്പാത്തിയുമെല്ലാം പ്രത്യേകം വാങ്ങിക്കാം.

വിലവിവര പട്ടിക (ഓണ്‍ലൈനിലും നേരിട്ടും)

ഇനം   ഓണ്‍ലൈന്‍ വില കൗണ്ടര്‍ വില
  • ചപ്പാത്തി (10 എണ്ണം)                          
 24 രൂപ 20രൂപ
 
  • ചിക്കന്‍ ബിരിയാണി                            
72 രൂപ 60 രൂപ
 
  • നെയ്ച്ചോറ്                                 
 42  രൂപ  35 രൂപ
 
  • ചില്ലി ചിക്കന്‍                                     
48രൂപ 40 രൂപ
 
  • ചില്ലി ഗോപി                                  
 24  രൂപ  20 രൂപ
  • വെജിറ്റബിള്‍/മുട്ടക്കറി                           
 18 രൂപ 15  രൂപ
  • ചിക്കന്‍ കറി                             
   30  രൂപ   25  രൂപ
  • ചിക്കന്‍ 65                                  
  50  രൂപ   50  രൂപ
  • ഫ്രൈഡ് റൈസ്                        
 ലഭ്യമല്ല   35  രൂപ

                  

'നളന്‍'മാരായി 45 പേര്‍

രുചികരമായ ഭക്ഷണം ഉണ്ടാക്കി നാട്ടുകാര്‍ക്ക് നല്‍കുന്നത് പോക്കറ്റടിക്കേസിലെ പ്രതികള്‍ മുതല്‍ പീഡനക്കേസിലെ പ്രതികള്‍ വരെയാണ്. കുറ്റകൃത്യം വലുതാണെങ്കിലും മികച്ചരീതിയില്‍ ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ മിടുക്കന്‍മാരാണ് ഇവരെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

45 തടവുകാര്‍ രണ്ട് ഷിഫ്റ്റുകളിലായി പാചകപ്പുരയില്‍ സജീവമാണ്. പുലര്‍ച്ചെ മൂന്ന് മുതല്‍ ഒന്‍പത് വരെയും ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയുമാണ് ഷിഫ്റ്റുകള്‍.

ഒരുദിവസം 15 മുതല്‍ 20 ചാക്ക് വരെ പൊടിയാണ് ചപ്പാത്തിക്കായി ഉപയോഗിക്കുന്നത്. ചിക്കന്‍ ബിരിയാണിയും ചിക്കന്‍ കറികളും ഉണ്ടാകുന്നത് 10 പേര്‍ ചേര്‍ന്നാണ്. രാവിലെ ആറുമണിക്ക് കയറി രണ്ടുമണി വരെ നീളും ഇവരുടെ അധ്വാനം. ഒരാള്‍ക്ക് 170 രൂപയാണ് പാചകക്കൂലി. ഇവര്‍ക്കെല്ലാം ചേര്‍ത്ത് കൂലിനല്‍കാന്‍ പ്രതിമാസം ചെലവഴിക്കുന്നത് ഒരു ലക്ഷം രൂപ. പല തടവുകാരും ഈ പണം സ്വരുക്കൂട്ടി വെച്ചാണ് വക്കീല്‍ഫീസ് കണ്ടെത്തുന്നതും വീട്ടുകാര്‍ക്ക് നല്‍കുന്നതുമെല്ലാം.

ചെലവ് 30,000, വരവ് 80,000

2013-ലെ റിപ്പബ്ലിക്ദിന തലേന്നാണ് ജില്ലാ ജയിലിലെ തടവുകാര്‍ രുചികരമായ ഭക്ഷണമുണ്ടാക്കിക്കൊണ്ട് മാനസിക സ്വാതന്ത്ര്യം നേടിയത്. ചപ്പാത്തിയായിരുന്നു തുടക്കത്തിലുണ്ടാക്കിയത്. സംരംഭം നാള്‍ക്കുനാള്‍ വിജയത്തിലേക്ക് കുതിച്ചു. നിലവില്‍ ഒരുദിവസം ജയിലില്‍ 70,000 മുതല്‍ 80,000 രൂപ വരെയുള്ള ഭക്ഷണം ഇവിടെനിന്ന് വിറ്റഴിക്കുന്നുണ്ട്. ചെലവ് 25,000 മുതല്‍ 30,000 രൂപ വരെയാവും. ഓരോ ദിവസത്തെയും വരുമാനം അന്നുതന്നെ ജില്ലാ ട്രഷറിയില്‍ അടയ്ക്കും. പാചകക്കാര്‍ക്കുള്ള വേതനം മാറ്റിവെച്ച ശേഷമാണ് ട്രഷറിയില്‍ പണമടയ്ക്കുന്നത്.

പുതിയ സംരംഭം വിജയകരമാവുന്നതോടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതിരാവിലെതന്നെ പ്രവര്‍ത്തനം തുടങ്ങും ജില്ലാ ജയിലിലെ ചപ്പാത്തി യൂണിറ്റ്. ഏഴുമണിയാകുമ്പോള്‍ പതിനായിരത്തോളം ചപ്പാത്തികള്‍ പാക്കറ്റിലാകും.

മണിക്കൂറില്‍ 2000 ചപ്പാത്തിയുണ്ടാക്കാന്‍ കഴിയുന്ന യന്ത്രമാണ് ജയിലിലുള്ളത്. രണ്ടരലക്ഷം രൂപയാണ് ഇതിന്റെ വില. ഗോതമ്പുമാവ് കുഴയ്ക്കുന്നത് മുതല്‍ പരത്തുന്നത് വരെയുള്ള എല്ലാ ജോലികളും യന്ത്രം ചെയ്യും. വൃത്തിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മാണം. കൂടുതല്‍നേരം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളൊന്നും ചപ്പാത്തിയില്‍ ചേര്‍ക്കുന്നില്ല.

സഞ്ചരിക്കും ഭക്ഷണശാല

ജയിലിന് മുന്നിലെ ഭക്ഷണ കൗണ്ടര്‍ കൂടാതെ, സഞ്ചരിക്കുന്ന ഭക്ഷണവിതരണ ശാലയും ജയിലിന് കീഴിലുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില മൊബിലിറ്റി ഹബ്ബ്, ജനറല്‍ ആശുപത്രി, ഹൈക്കോര്‍ട്ട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും ഒമ്നി വാനില്‍ ഭക്ഷണമെത്തും. രാവിലെ പത്തിന് ജയിലില്‍നിന്ന് പുറപ്പെടുന്ന വണ്ടി പത്തരയ്ക്ക് വൈറ്റില ഹബ്ബിലും 11 മണിയോടെ ജനറല്‍ ആശുപത്രിയിലും 12 ആകുമ്പോഴേക്കും ഹൈക്കോര്‍ട്ട് ജങ്ഷനിലുമെത്തും.

ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ആശ്വാസമാണ് ഈ ഭക്ഷണവിതരണ സംവിധാനം. പ്രതിദിനം 15,000 രൂപ മുതല്‍ 20,000 രൂപ വരെ മൊബൈല്‍ കൗണ്ടറിലൂടെ മാത്രം വരുമാനം ലഭിക്കുന്നുണ്ട്.

കൃഷിയുമുണ്ട്, കരകൗശല വസ്തുക്കളും

സ്വാദൂറും ഭക്ഷണംവിളമ്പി മാത്രമല്ല ജയിലിലെ അന്തേവാസികള്‍ ശ്രദ്ധനേടുന്നത്, നിരവധി കരകൗശല വസ്തുക്കളുടെ നിര്‍മാണവും പച്ചക്കറി കൃഷി, മീന്‍വളര്‍ത്തല്‍ തുടങ്ങിയ ജോലികളും പ്ലംബിങ്, അലുമിനീയം ഫാബ്രിക്കേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ പഠനവുമെല്ലാമായി സക്രിയമാണ് ഓരോരുത്തരും.

അലങ്കാര നെറ്റിപ്പട്ടങ്ങള്‍, തിടമ്പുകള്‍, മെഴുകുതിരി, അലങ്കാര മെഴുകുതിരി, ചന്ദനത്തിരി, ഫിനോയില്‍, കാര്‍വാഷ്, ഡിഷ്വാഷ്, സോപ്പുപൊടി, നീലം തുടങ്ങിവയാണ് ഒഴിവുനേരങ്ങളില്‍ ഇവര്‍ കരവിരുതില്‍ തീര്‍ക്കുന്നത്.

ചീര, കോവല്‍, വാഴ, ചേന, കപ്പ, ചേമ്പ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ജയില്‍വളപ്പില്‍ സമൃദ്ധമായി വളരുന്നുണ്ട്. ചാക്കില്‍ നട്ട കപ്പയാണ് ഇതില്‍ ഏറെ ശ്രദ്ധേയം.

ഫുഡ് കോര്‍ട്ടും ഷെയര്‍മീലും

ജയില്‍ കൗണ്ടറില്‍ ഭക്ഷണം വില്‍ക്കുന്നതിന് പുറമെ, ഇവിടെത്തന്നെ കഴിക്കാവുന്ന സൗകര്യംകൂടിയുണ്ട്. വലിയ കുടകളുടെ മാതൃകയില്‍ മേല്‍ക്കൂരയുള്ള ഫുഡ് കോര്‍ട്ടാണ് ജയില്‍ കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന് പുറമെ, ഒരാള്‍ക്കുള്ള ഭക്ഷണത്തിന്റെ വിലകൂടി അടയ്ക്കുന്ന പദ്ധതിയായ 'ഷെയര്‍ മീല്‍' പദ്ധതിയും ശ്രദ്ധേയം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. തടവുകാരെ കാണാനെത്തുന്ന പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുന്നുണ്ട്.

ജയിലില്‍ ഭക്ഷണം വാങ്ങാനെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും 'ഷെയര്‍ മീല്‍' സേവന പദ്ധതിയില്‍ പണം അടയ്ക്കുന്നുണ്ട്. കൂപ്പണ്‍ കൗണ്ടറില്‍ ബാക്കിവന്നാല്‍ തൊട്ടടുത്തുള്ള അനാഥാലയങ്ങളില്‍ ഉള്‍പ്പെടെ ഈ കൂപ്പണിനുള്ള ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ആശയം മുന്നോട്ടുവെച്ചത് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്

ഓണ്‍ലൈന്‍ ഭക്ഷണവിതരണം കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗങ്ങളിലൊന്നാണ്. 'ദിവസവും എത്രയോപേര്‍ ഹോട്ടലില്‍ പോകാതെ ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് സൗകര്യത്തിനനുസരിച്ച് കഴിക്കുന്നു. എന്തുകൊണ്ട് ഈ സംഭവം നമുക്കും തുടങ്ങിക്കൂടാ...?' എന്ന ചിന്തയില്‍ നിന്നാണ് 'ഫ്രീഡം കോംബോ ലഞ്ച്' പദ്ധതി തുടങ്ങുന്നത്. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് ആണ് ആശയം മുന്നോട്ടുവെയ്ക്കുന്നത്. ഒപ്പം ജയിലില്‍ പതിവായി ഭക്ഷണം വാങ്ങാനെത്തുന്നവരും ഇക്കാര്യം സൂചിപ്പിക്കാറുണ്ട്. എന്നാല്‍പ്പിന്നെ ഒരുകൈ നോക്കാമെന്നു കരുതി. ഭക്ഷണമുണ്ടാക്കുന്ന തടവുകാര്‍ക്കും ഇതൊരു പുതിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ.

കെ.വി. ജഗദീശന്‍,

ജില്ലാ ജയില്‍ സൂപ്രണ്ട്

Content Highlights: jail food delivery through uber eats