ചൂടുചായയ്‌ക്കൊപ്പം നല്ല മൊരിഞ്ഞ കട്‌ലറ്റ് കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. ചിക്കനും ബീഫും പച്ചക്കറിയുമൊക്കെ കൊണ്ടുള്ള കട്‌ലറ്റ് ഉണ്ടാക്കി ബോറടിച്ചോ? എങ്കില്‍ ചക്കയും ചെമ്മീനും ചേര്‍ത്തൊരു കട്‌ലറ്റ് ആയാലോ? തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ചെമ്മീന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ചെടുത്തത്- രണ്ടുകപ്പ്
വെളിച്ചെണ്ണ- രണ്ടു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
പച്ചമുളക്‌ ചെറുതായി അരിഞ്ഞത്- ഒരു സ്പൂണ്‍
ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍
കറിവേപ്പില അരിഞ്ഞത്- രണ്ട് സ്പൂണ്‍
കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്- ഒരു കപ്പ്
പച്ചചക്ക ആവിയില്‍ വേവിച്ച് പൊടിച്ചത്- ഒരു കപ്പ്
മുട്ട- ഒന്ന്
റൊട്ടിപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക. കുരുമുളകുപൊടി ചേര്‍ത്ത് മൂക്കുമ്പോള്‍ ചെമ്മീന്‍ ഉടച്ചത് ഇട്ടുലര്‍ത്തുക. ചേരുവ തണുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ചക്ക ആവിയില്‍ വേവിച്ച് ഉടച്ചതും ഉപ്പും മുട്ടയുടെ ഉണ്ണിയും ചേര്‍ത്ത് കുഴയ്ക്കുക. കട്‌ലറ്റ് ആകൃതിയില്‍ പരത്തി മുട്ടവെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി വെളിച്ചെണ്ണയില്‍ വറുത്തുകോരുക. 

Content Highlights: jackfruit prawns cutlet recipe