ചിക്കനും മട്ടണുമൊന്നും വേണമെന്നില്ല ഇടിച്ചക്ക കൊണ്ടും സൂപ്പര്‍ സിക്സ്റ്റി ഫൈവ് ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ഇടിച്ചക്ക- മൂന്നു കപ്പ് (പകുതി വേവിച്ച് ചതച്ചത്)
കശ്മീരി ചില്ലി- രണ്ട് സ്പൂണ്‍
ഇഞ്ചി- ഒരിഞ്ചു വലുപ്പത്തില്‍
വെളുത്തുള്ളി- പത്ത് അല്ലി
പെരുംജീരകം- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല - ഒരു സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ പൗഡര്‍- ഒരുകപ്പ്
ചെറുനാരങ്ങാനീര്- ഒരു സ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇടിച്ചക്ക പകുതി വേവിക്കുക. തണുത്തശേഷം ഉപ്പിട്ട് ഉടച്ചെടുക്കുക. കാശ്മീരി ചില്ലി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, ചിക്കന്‍ മസാല, ഗരംമസാല, കോണ്‍ഫ്‌ളവര്‍ പൗഡര്‍ എന്നിവ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇടിച്ചക്ക കട്‌ലറ്റ് രൂപത്തില്‍ പരത്തി നേരത്തെ തയ്യാറാക്കി വച്ച മസാലയില്‍ മുക്കി പൊരിച്ചെടുക്കുക. ഇടയ്ക്കിടെ കറിവേപ്പില ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും.

Content Highlights: idichakka 65 recipe