കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന പാല്‍കേക്ക് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കിയാലോ?

ചേരുവകള്‍

  1. ക്രീം നീക്കാത്ത പാല്‍- രണ്ട് ലിറ്റര്‍
  2. പഞ്ചസാര- ഒരു കപ്പ്
  3. വെള്ളം- ഒരു ടേബിള്‍ സ്പൂണ്‍
  4. നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
  5. ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
  6. പിസ്ത- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. ചെറുതീയില്‍ തിളപ്പിക്കണം, ഇടയ്ക്ക് ഇളക്കിക്കൊടുക്കാം. തിളച്ച് പാല്‍ പകുതിയാവുന്നതുവരെ ഇത് തുടരണം. നന്നായി കുറുകുന്നതുവരെ ഇളക്കാം. ഒരു കപ്പില്‍ വെള്ളവും നാരങ്ങാനീരും മിക്‌സ് ചെയ്യാം. ഇത് പാലിലേക്ക് ഒഴിച്ച് ചെറുതീയില്‍ ഇളക്കാതെ രണ്ട് മിനിട്ടുകൂടി വയ്ക്കാം. പാല് ഉറകൂടുന്നതുവരെ ഇനി ഇളക്കാം. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം. നന്നായി ഇളക്കി പഞ്ചസാര അലിയിക്കണം. പാല്‍ ചെറുതീയില്‍ തന്നെ വച്ച് കുറുകി ചെറിയ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുവരെ തുടരാം. ഇതിലേക്ക് ഏലയ്ക്കപ്പൊടി ചേര്‍ത്ത് ഇളക്കണം. ഇനി എണ്ണ പുരട്ടിയ സ്റ്റീല്‍ പാത്രത്തിലേക്ക് ഈ പാലിനെ മാറ്റാം. ഈ മിശ്രിതം കുറഞ്ഞത് പന്ത്രണ്ട് മണിക്കൂര്‍ തണുപ്പിക്കണം. നന്നായി തണുത്ത് കട്ടയായാല്‍ പുറത്തെടുത്ത് കഷണങ്ങളാക്കി നുറുക്കിയ പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Content Highlights: How to make Milk Cake at Home Recipe