ആരോഗ്യത്തിന് വളരെ നല്ലതാണ് സാലഡ്. വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍ അടങ്ങിയ ഈ സാലഡ് വിശപ്പ് അകറ്റാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും സഹായിക്കും. വെള്ളരിയില്‍ വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും സവാളയില്‍ വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിലും തക്കാളിയിലും വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റ്, ലൈക്കോപ്പീന്‍ എന്നിവ ധാരാളമുണ്ട്. കലോറി മൂല്യം കുറവായതിനാലും പോഷകങ്ങള്‍ അടങ്ങിയതിനാലും ഡയറ്റിങ് ചെയ്യുന്നവരുടെ ഇഷ്ട ഭക്ഷണം കൂടിയാണ് ഈ സലാഡ്.
ചേരുവകള്‍
വെള്ളരി- ഒരെണ്ണം
കാരറ്റ്- ഒരു കപ്പ്
മിന്റ് ഇലകള്‍- രണ്ട് തണ്ട്
തക്കാളി- ഒരു കപ്പ്
കുരുമുളക്- ആവശ്യത്തിന്
യോഗര്‍ട്ട്- ഒരു കപ്പ്
സവാള- ഒരു കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചക്കറികളെല്ലാം ഉപ്പ് ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക. ഇതിനുശേഷം തണുത്ത വെള്ളത്തില്‍ ഒന്ന് കഴുകിയെടുക്കുക. ഇനി ഇവയെല്ലാം അരിഞ്ഞ് മാറ്റിവെക്കുക.
ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് യോഗര്‍ട്ട് ചേര്‍ത്ത് മൃദുവായ പേസ്റ്റ് രൂപത്തിലാവുന്നതു വരെ നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികള്‍ ചേര്‍ത്ത് അതിന് മുകളില്‍ ഉപ്പും കുരുമുളകും ആവശ്യത്തിന് വിതറുക. ഇനി ഇതിനുമുകളില്‍ മിന്റ് ഇലകള്‍, പച്ചമുളക് അരിഞ്ഞത് എന്നിവ വിതറി വിളമ്പാം.
Content Highlights: Healthy salad for weightloss, Health, Food