മീന്‍ കൊണ്ട് തയ്യറാക്കാവുന്ന രുചികരമായ സ്‌നാക്ക് വിഭവമാണ് ചില്ലി ഫിഷ് കേക്ക്‌സ്. ഫിഷ് കട്‌ലറ്റ് ഉണ്ടാക്കുന്നത് പോലെ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് ചില്ലി ഫിഷ് കേക്ക്‌സ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍: 

ദശ കട്ടിയുള്ള മീന്‍ കഷ്ണങ്ങള്‍ - 300 ഗ്രാം
എണ്ണ - വറുക്കാന്‍
സവാള നുറുക്കിയത് - ഒന്ന്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
പച്ചമുളക് നുറുക്കിയത് - 2 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ബ്രെഡ് കഷ്ണം - 4 എണ്ണം
ഗോതമ്പ് തരി - 5 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

മീന്‍ കഷ്ണങ്ങള്‍ അല്‍പം  ഉപ്പുവെള്ളത്തില്‍ ഒന്ന് ചൂടാക്കുക. ഇനി വെള്ളം മുഴുവന്‍ കളഞ്ഞിട്ട് മാറ്റിവെയ്ക്കുക. ഒരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. അതില്‍ സവാളയിട്ട് മൃദുവാകുന്നതു വരെ വഴറ്റുക. ശേഷം, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവയിട്ട് ചെറുതീയില്‍ രണ്ട് മിനിട്ട് വഴറ്റുക. മഞ്ഞള്‍പൊടി വിതറി നന്നായി ഇളക്കി, അടുപ്പില്‍ നിന്നിറക്കുക. ഈ കൂട്ട് ഒരു ബൗളിലേക്ക് മാറ്റി, ഉപ്പ്, ബ്രെഡ് കഷ്ണങ്ങള്‍ എന്നിവയിട്ട് നന്നായി കുഴയ്ക്കുക. ഇനി മീന്‍ ഇതില്‍ ചേര്‍ത്ത് ചെറുതായി കുഴയ്ക്കുക. ഈ കൂട്ടില്‍ നിന്നും ഓരോ ചെറിയ ഉരുളയുണ്ടാക്കി ചെറുതായി അമര്‍ത്തുക. പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍, കൂട്ട് ഗോതമ്പ് തരിയിലിട്ട് ഉരുട്ടി വറുത്തെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ ആവുമ്പോള്‍ പുറത്തെടുത്ത് ചൂടോടെ ഉപയോഗിക്കാം. 

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

 

content highlight: chilly fish cakes recipe