ളരെ എളുപ്പത്തിൽ ഗ്രിൽ ഒന്നും ഉപയോഗിക്കാതെ ചിക്കൻ ടിക്ക എങ്ങിനെ തയ്യാറാക്കാമെന്നു നമുക്കു നോക്കാം.
 
ചേരുവകൾ

1. ചിക്കൻ ബ്രസ്റ്റ് (ക്യൂബ് ആകൃതിയിൽ മുറിച്ചത്) 300 ഗ്രാം
2. സവാള (ക്യൂബ് ആകൃതിയിൽ മുറിച്ചത്) 1/4 കപ്പ്
3. കാപ്സിക്കം (ക്യൂബ് ആകൃതിയിൽ മുറിച്ചത് ) 1 കപ്പ്
4. ചെറിയ തക്കാളി (നിർബ്ബന്ധമില്ല) 5-6 എണ്ണം
5. മുളക് പൊടി 1 ടീസ്പൂൺ
6. മല്ലിപ്പൊടി 1 ടീസ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 ടേബിൾ സ്പൂൺ
8. സോയ സോസ് 1 ടേബിൾ സ്പൂൺ
9. ടോമാറ്റോ കെച്ചപ്പ് 1 ടേബിൾ സ്പൂൺ
10. നാരങ്ങാ നീര് 2 ടേബിൾ സ്പൂൺ
11. ഒലിവ് ഓയിൽ 3 ടേബിൾ സ്പൂൺ
12. ഉപ്പ് ആവശ്വത്തിന്
13. കബാബ് സ്റ്റിക്ക് (Skewers) 5-6 എണ്ണം
 
ഉണ്ടാക്കുന്ന വിധം
 
ആദ്യം ക്യൂബ് ആകൃതിയിൽ മുറിച്ചു വച്ചിട്ടുള്ള ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ മുളക് പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, 1 ടേബിൾ സ്പൂൺ സോയ സോസ് , 1 ടേബിൾ സ്പൂൺ ടോമാറ്റോ കെയ്യപ്പ് , 1 ടേബിൾ സ്പൂൺ നാരങ്ങാനീര്, 1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിനെ അര മണിക്കൂർ മസാലകളൊക്കെ പിടിക്കുന്നതിനായി മാറ്റി വക്കുക. 

പിന്നീട് ഒരു പാത്രത്തിലേക്ക് കാൽ കപ്പ് സവാള (ക്യൂബ് ആകൃതിയിൽ മുറിച്ചത്),1 കപ്പ് കാപ്സികം (ക്യൂബ് ആകൃതിയിൽ മുറിച്ചത്), ചെറിയ തക്കാളി 5/6 എണ്ണം എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളക് പൊടി, 1 ടേബിൾസ്പൂൺ നാരങ്ങാനീര്, 1 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 10 മിനിറ്റ് മാറ്റി വക്കുക.

ശേഷം ഒരു കബാബ് സ്റ്റിക്കിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വെജിറ്റബിളും ചിക്കനും ഇട കലർത്തി കോർക്കുക. അതിനു ശേഷം ഒരു പാൻ കുറഞ്ഞ തീയിൽ ചൂടാക്കി അതിലേക്ക് 1 ടേബിൾ സ്പൂൺ ഒലിവ്ഓയിൽ ചേർത്തു കൊടുക്കുക. ഓയിൽ ചൂടാവുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിട്ടുള്ള കബാബ് സ്റ്റിക്ക് ചേർത്തു കൊടുത്ത് 2 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. എന്നിട്ട് സ്റ്റിക്ക് ഒന്ന് തിരിച്ചിട്ടിട്ട് മൂടിവച്ച് 5 മിനിറ്റ് വേവിക്കുക. അതിനു ശേഷം മൂടി തുറന്ന് സ്റ്റിക്ക് തിരിച്ചിടുക. ഓരോ 3 മിനിറ്റ് കൂടുമ്പോഴും സ്റ്റിക്ക് തിരിച്ചിട്ട് കൊടുത്ത് എല്ലാ വശവും ഒരു പോലെ വേവിച്ചെടുക്കുക. 20 മിനിറ്റ് ആവുമ്പോഴേക്കും ചിക്കൻ ടിക്ക തയ്യാറാകും. ഇതിനെ നമുക്ക് ചെറിയ ചൂടോടു കൂടി കഴിക്കാം.

Content Highlights: chicken tikka recipe