പിസ്സ ഡവും ഓവനും ഇല്ലാതെ വളരെ പെട്ടെന്ന്‌ ബ്രെഡ് ഓംലറ്റ് പിസ്സ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. രുചിയിലും ഒന്നാമനാണ് ഈ പിസ്സ.  
 
ചേരുവകൾ
 
1. ബ്രെഡ് പീസ്  - 4
2. മുട്ട - 1
3. വെജിറ്റബിൾ ഓയിൽ - 2 ടേബിൾ സ്പൂൺ
4. കുരുമുളക് പൊടി - 1/4 ടേബിൾ സ്പൂൺ
5. ഉപ്പ് ആവശ്യത്തിന്
6. ടോമാറ്റോ സോസ്- 2 ടേബിൾ സ്പൂൺ
7. കാപ്സികം അരിഞ്ഞത് - 1/4 കപ്പ്
8. സവോള അരിഞ്ഞത് - 1/4 കപ്പ്
9. തക്കാളി അരിഞ്ഞത് - 1/4 കപ്പ്
10. ചോളം  - 1/4 കപ്പ്   
11. ചിക്കൻ പീസ് (ഫ്രൈ ചെയ്തത് ) - 1/4 കപ്പ്.
12. മൊസരെല ചീസ്- 1 കപ്പ്
 
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചിട്ട് അതിലേക്ക് ചെറുതായി അരിഞ്ഞ കാപ്സികം, സവോള എന്നിവ ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം കുറച്ച് ഉപ്പും  കുരുമുളകു പൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ആക്കുക. ഈ വേവിച്ച വെജിറ്റബിൾ ഒരു പാത്രത്തിലേക്ക് മാറ്റുക.
രണ്ടാമതായി ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ചൂടാകുമ്പോൾ ഒരു മുട്ടയും ഉപ്പും കുറച്ച് കുരുമുളകു പൊടിയും ചേർത്ത് ഇളക്കിയ മിശ്രിതം പാനിലേക്ക് ഒഴിക്കുക. പെട്ടന്നു തന്നെ ചെറിയ കഷണങ്ങളാക്കിയ ബ്രഡ് മുകളിൽ നിരത്തി വക്കുക. ഒരു 3 മിനിറ്റ് മീഡിയം തീയിൽ  വേവിച്ചതിന് ശേഷം മറച്ചിടുക. എന്നിട്ട് ആ മറച്ചിട്ടതിന് മുകളിലായി  2 ടേബിൾ സ്‌പൂൺ ടോമാറ്റോ സോസ് എല്ലാ വശങ്ങളിലേക്കും എത്തുന്ന വിധം നന്നായി പുരട്ടുക. ശേഷം വേവിച്ചു വച്ചിട്ടുള്ള വെജിറ്റബിൾസ്, ചോളം, ഫ്രൈ ചെയ്തു വച്ചിട്ടുള്ള ചെറിയ ചിക്കൻ പീസസ് എന്നിവ വിതറി കൊടുക്കുക. ഏറ്റവും മുകളിലായി മൊസരെ ല ചീസ് വിതറി കൊടുത്ത് മൂടി വച്ച് 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ശേഷം തീ ഓഫാക്കി കുറച്ച് കുരുമുളക് പൊടി വിതറുക.
 
Content Highlights: Bread Omelette Pizza Recipe