മയം മിനക്കെടാതെ രുചികരമായ ഭക്ഷണം എങ്ങനെ തയ്യാറാക്കാം എന്ന് ആലോചിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജോലിത്തിരക്കുകള്‍ക്കിടയില്‍ മിനിറ്റുകള്‍ കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ തേടുന്നവര്‍ക്കു പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രെഡ് എഗ്ഗ് മസാല. ബ്രേക്ഫാസ്റ്റോ ടീ സ്‌നാക്ക്‌സോ ആയി കഴിക്കാവുന്ന ബ്രെഡ് എഗ്ഗ് മസാല തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

ബ്രെഡ്- അഞ്ചോ ആറോ സ്ലൈസ്
എഗ്ഗ്- നാലെണ്ണം
ഉള്ളി- അരകപ്പ്
തക്കാളി- അരകപ്പ്
ഇഞ്ചി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- നാല് അല്ലി
കാപ്‌സിക്കം - അരകപ്പ്
മുളകുപൊടി- അരടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
ഗരം മസാല പൊടി- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വച്ചത് ചേര്‍ക്കുക. ഇത് ഇളക്കിയതിനു ശേഷം അരിഞ്ഞുവച്ച ഉള്ളി ചേര്‍ക്കുക. നന്നായി വഴന്നു വന്നതിനു ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അത്യാവശ്യം വഴന്നു വരുമ്പോള്‍ ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്‌സിക്കം വച്ച് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ക്കാം. വെന്തു പാകമാവുമ്പോള്‍ മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു ചേര്‍ക്കാം. വീണ്ടും ഇളക്കിയതിനു ശേഷം ബ്രെഡ് ചെറിയ കഷണങ്ങാക്കി വച്ചത് ഇതിലേക്ക് ചേര്‍ക്കാം. മസാല നന്നായി പിടിച്ചു വരുന്നതുവരെ ഇളക്കിയതിനു ശേഷം വാങ്ങിവെക്കാം. 

Content Highlights: bread egg masala recipe food snacks