ബട്ടര്‍ ഫ്രൂട്ട്, വെണ്ണ പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന അവക്കാഡോ  ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാണ്. വെറുതെ തിന്നാനും സ്മൂത്തികള്‍ തയ്യാറാക്കാനുമാണ് സാധാരണയായി ഇത് ഉപയോഗിക്കുക എന്നാല്‍ അവക്കാഡോ ഉപയോഗിച്ച് അടിപൊളി ഫ്രൈയും തയ്യാറാക്കാവുന്നതാണ്.

ചേരുവകള്‍:

1. അവൊക്കാഡോ- ഒരെണ്ണം

2. ആട്ട / മൈദപ്പൊടി - അരക്കപ്പ്

3. മുട്ട - ഒന്ന്

4. ബ്രഡ് പൊടിച്ചത് - ഒരു കപ്പ്

5. ചെറുനാരങ്ങ - ഒന്നിന്റെ പകുതി

6. ഉപ്പ് - ആവശ്യത്തിന്

7. കുരുമുളകുപൊടി - ആവശ്യത്തിന് (എരിവനുസരിച്ച് )

8. എണ്ണ - ഫ്രൈ ചെയ്യാനാവശ്യത്തിന്

9. ഓവനിലാണ് ഉണ്ടാക്കുന്നതെങ്കില്‍ - ഓവന്‍ ടെംപറേച്ചര്‍ - 400 ഡിഗ്രി ഫാരന്‍ഹീറ്റ്

തയ്യാറാക്കുന്ന വിധം:

ആദ്യം അവൊക്കാഡോ നെടുകെ മുറിച്ച് അതിന്റെ കുരു കളയുക. പറ്റുമെങ്കില്‍ തൊലി കൈകൊണ്ട് കളയുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് തൊലിയില്‍നിന്ന് പുറത്തെടുക്കാം.

തൊലികളഞ്ഞ അവൊക്കാഡോ ചെറിയ കഷ്ണങ്ങളാക്കി നീളത്തില്‍ മുറിക്കുക. മുറിച്ചു വച്ചിരിക്കുന്ന കഷ്ണങ്ങളിലേക്ക് ചെറുനാരങ്ങാ നീര് ചേര്‍ക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക.

മെല്ലെ ഇത് ഓരോ കഷ്ണത്തിലും മിക്‌സ് ചെയ്യുക. വളരെ സൂക്ഷിച്ചുവേണം ചെയ്യാന്‍. ഇല്ലെങ്കില്‍ അവൊക്കാഡോ പൊടിഞ്ഞുപോകും. ഓരോ കഷ്ണമായി എടുത്ത് ആദ്യം ആട്ടപ്പൊടിയില്‍ അല്ലെങ്കില്‍ മൈദപ്പൊടിയില്‍, പിന്നെ അടിച്ചുവച്ചിരിക്കുന്ന മുട്ടയില്‍ മുക്കിയെടുക്കുക. പിന്നീട് പൊടിച്ചുവച്ചിരിക്കുന്ന ബ്രഡില്‍ പൊതിഞ്ഞെടുക്കണം.

ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയില്‍ ഇത് ഫ്രൈ ചെയ്‌തെടുക്കാം.

ഇത് ഓവനില്‍ എങ്ങനെ ചെയ്യാമെന്നു നോക്കാം:

ഓവന്‍ ആദ്യം 400 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാക്കുക. ഒരു പാനില്‍ അല്ലെങ്കില്‍ ബേക്കിങ് ഷീറ്റില്‍ അല്‍പ്പം എണ്ണ മിനുക്കുക. ഇനി ഇതിലേക്ക് ബ്രഡ്‌പൊടിയില്‍ പൊതിഞ്ഞ ഓരോ അവൊക്കാഡോ ആയി വെയ്ക്കുക. എന്നിട്ട് മുകളില്‍ അല്പം എണ്ണ സ്പ്രേ ചെയ്തുകൊടുക്കുക. ഇത് ഓവനില്‍ 15 മിനിറ്റ് വയ്ക്കുക. ഇടയ്ക്ക് തിരിച്ചിട്ടുകൊടുക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് പുറത്തെടുക്കാം.

Content Highlights: Avacado fry recipe