സാധാരണ പാസ്ത കഴിച്ചു നിങ്ങൾ മടുത്തുവെങ്കിൽ, ഈ രുചികരമായ വൈറ്റ് സോസ് ചിക്കൻ പാസ്ത ഒന്നു പരീക്ഷിച്ചുനോക്കൂ. 

ചേരുവകൾ

 പാസ്ത - 3 കപ്പ് 
എണ്ണ - 2 ടേബിൾ സ്പൂൺ 
വെളുത്തുള്ളി അല്ലി- 5 
എല്ലില്ലാത്ത ചിക്കൻ - 100 ഗ്രാം 
ഉപ്പ് - ആവശ്യത്തിന് 
കുരുമുളകുപൊടി - 1 ടീസ്പൂൺ
കോൺ - 2 ടേബിൾ സ്പൂൺ 
കാപ്സികം - 1 ടേബിൾ സ്പൂൺ 
വെണ്ണ - 2 ടേബിൾ സ്പൂൺ 
മൈദ - 2 ടേബിൾ സ്പൂൺ 
പാൽ - 2 1/2 കപ്പ് 
ചീസ് - 1/2 കപ്പ് 
ചതച്ച മുളക് - 1/2 ടീസ്പൂൺ 
ഇറ്റാലിയൻ സീസണിങ്ങ് - 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ പാസ്ത വേവാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് എണ്ണയും ഉപ്പും ഇട്ട് വേവിച്ച് ഊറ്റി വെക്കുക. മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ഇട്ട് വഴറ്റിയ ശേഷം ചിക്കൻ ഇടുക. അതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ വെന്തു വരാറാകുമ്പോൾ ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് വെന്തുകഴിയുമ്പോൾ മാറ്റിവെക്കുക. മറ്റൊരു പാൻ വെച്ച് ബട്ടർ ഇട്ട് ഉരുകിവരുമ്പോൾ മൈദ ചേർത്ത് വേവിച്ചെടുക്കാം. അതിലേക്ക് പാൽ ചേർത്ത് തുടരെ തുടരെ ഇളക്കി കുറുക്കി എടുക്കണം. കുറുകി വരുമ്പോൾ അതിലേക്ക് ചീസും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കിയതിനുശേഷം മാറ്റി വെച്ചിരിക്കുന്ന ചിക്കൻ മിക്സ് ചേർത്ത് നന്നായി യോജിപ്പിക്കണം. അതിനുശേഷം വേവിച്ചുവെച്ചിരിക്കുന്ന പാസ്ത ചേർത്ത് നന്നായി ഇളക്കിയതിനുശേഷം ചതച്ച മുളകും ഇറ്റാലിയൻ സീസണിംഗും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

Content Highlights: white sauce chicken pasta recipe