വാക്കാ അതൊലാടാ ഒരു ബ്രസീലിയന്‍ ഡിഷ് ആണ് . ബീഫ് റിബ്‌സും കപ്പയും അധികം മസാലകളൊന്നും ചേര്‍ക്കാതെ  വേവിച്ചു  എടുക്കുന്ന ഒരു സ്റ്റു ആണിത് .നമ്മുടെ നാട്ടിലെ എല്ലുംകപ്പ അല്ലെങ്കില്‍ കപ്പ ബിരിയാണിയോട് ഒക്കെ സാദൃശ്യമുള്ള ഒരു വിഭവം .ആവശ്യമെങ്കില്‍ അവസാനം പാഴ്‌സ്ലി അരിഞ്ഞത് കൂടി സ്റ്റുവിനു മുകളില്‍ വിതറാം .

ചേരുവകള്‍ 
ബീഫ് റിബ്‌സ (വാരിയെല്ല്)  - 1 കിലോ
കപ്പ - 1 കിലോ 
സവാള - 2 എണ്ണം 
വെളുത്തുള്ളി അരിഞ്ഞത് -  1 ടേബിള്‍സ്പൂണ്‍ 
തക്കാളി അരിഞ്ഞത് - 1 കപ്പ് 
കുരുമുളക് പൊടി - 1 ടേബിള്‍സ്പൂണ്‍ 
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍ 
ബേ ലീഫ് - 23 എണ്ണം 
എണ്ണ - 2 ടേബിള്‍സ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന് 
പാഴ്‌സലി - (ഓപ്ഷണല്‍ )

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ ബീഫ് റിബ്‌സിലേക്കു ഒരു ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ കുരുമുളക്‌പൊടിയും ചേര്‍ത്ത് മാരിനേറ്റ്‌ ചെയ്തു വയ്ക്കണം .

ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ മാരിനേറ്റ്‌ ചെയ്ത റിബ്‌സ് ഓരോന്നായി പാത്രത്തില്‍ നിരത്തുക. ഇരുവശവും ലൈറ്റ് ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു വരും വരെ വറുക്കണം. 
ശേഷം അതിലേക്കു  സവാളയും വെളുത്തുള്ളിയും ഇട്ടു, സവാള ഒന്ന് വാടും വരെ ഇളക്കി കൊടുക്കാം . ഇതില്‍ മുളകുപൊടിയും ബാക്കിവന്ന കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കണം.

തക്കാളി, ബേലീഫ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഉപ്പും വെളളവും ( ബീഫ് മുങ്ങി കിടക്കാന്‍ പരുവത്തില്‍ വെള്ളം ചേര്‍ക്കണം ) ചേര്‍ത്ത് അടച്ചു വച്ച് ചെറിയ തീയില്‍ വേവിക്കാം . 

ഈ സമയം കപ്പ വൃത്തിയാക്കി വലിയ കഷണങ്ങള്‍ ആക്കി മുറിച്ചു കഴുകി എടുക്കണം. കപ്പ പാതി വേവിച്ചു വെള്ളം വാര്‍ന്നു കളഞ്ഞു മാറ്റി വയ്ക്കാം. റിബ്‌സ് വെന്തു വരുമ്പോള്‍ വേവിച്ച കപ്പ ചേര്‍ത്ത് ഒന്ന് ഇളക്കി അടച്ചു വച്ച് വേവിക്കാം. കപ്പ വെന്തുടഞ്ഞു ചേരുന്ന ഗ്രേവി പരുവമാകുമ്പോള്‍ തീ അണച്ച് വാങ്ങി വയ്ക്കാം .

Content Highlights: Vaca atolada recipe Variety food recipe