ഫ്രൈഡ് റൈസ് പലതരത്തിലുണ്ട്. ചിക്കൻ, മുട്ട, പനീർ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം ചേർത്ത് ഫ്രൈഡ് റൈസ് തയ്യാറാക്കാം. ഇന്ന് ചിക്കൻ ചേർത്ത് തയ്യാറാക്കിയ ഫ്രൈഡ് റൈസ് പരീക്ഷിക്കാം.

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ- 400 ഗ്രാം
വെളുത്തുള്ളി- ഏഴെണ്ണം
കാരറ്റ്- ഒരെണ്ണം
റെഡ് ബെൽ പെപ്പർ- രണ്ട് ടേബിൾസ്പൂൺ
വിനാഗിരി- ഒരു ടേബിൾസ്പൂൺ
കറുത്ത കുരുമുളക്- ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ- രണ്ട് ടേബിൾസ്പൂൺ
അരി- ഒരു കപ്പ്
സവാള- രണ്ട് ടേബിൾസ്പൂൺ
കാപ്സിക്കം- രണ്ട് ടേബിൾസ്പൂൺ
സോയ സോസ്- രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ലെമൺ ജ്യൂസ്- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി വെള്ളത്തിൽ 20 മിനിറ്റെങ്കിലും കുതിർത്ത് വെക്കുക. ചിക്കൻ കഴുകി ഉപ്പും കറുത്ത കുരുമുളകുപൊടിയും ചേർത്ത് നന്നായി തേച്ച് പിടിപ്പിച്ച് മാറ്റിവെക്കുക. ഇനി രണ്ട് കപ്പ് വെള്ളം ഒരു പാനിൽ എടുത്ത് തിളപ്പിക്കുക. ഇനി, നേരത്തെ കുതിർത്ത് വെള്ളം വാർത്ത് വെച്ചിരുന്ന അരി ഇതിലേക്ക് ഇടുക. ഒരു 80 ശതമാനം വേവ് ആകുമ്പോൾ വാർത്തെടുത്ത് മാറ്റിവെക്കുക.

ഈ സമയത്തിനകം ചിക്കനിൽ ഉപ്പും എരിവുമൊക്കെ നന്നായി പിടിച്ചിട്ടുണ്ടാകും. ഇനി ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അതിലേക്ക് ചിക്കൻ ചേർക്കുക. ഇനി ചിക്കൻ സ്വർണനിറമാവുന്നതുവരെ പാകം ചെയ്യുക. ഇതിനുശേഷം അത് പുറത്തെടുത്ത് മാറ്റിവെക്കുക. ഇനി പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിന് ശേഷം ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും സവാളയും ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റുക. ഇനി ബാക്കിയുള്ള പച്ചക്കറികൾ എല്ലാം ഇതിലേക്ക് ചേർത്ത് ഉയർന്ന തീയിൽ രണ്ട് മിനിറ്റ് പാകം ചെയ്യുക.

ഇനി ഇതിലേക്ക് കറുത്ത കുരുമുളകും ഉപ്പും ആവശ്യത്തിന് ചേർത്ത് അതിലേക്ക് അല്പം സോയ സോസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചിക്കനും ചോറും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇളക്കുമ്പോൾ ചോറ് ഉടഞ്ഞുപോവാതെ നോക്കണം. ഇതിനുശേഷം പാത്രം അടച്ച് വെച്ച് മുപ്പത് സെക്കൻഡ് പാകം ചെയ്യണം. ഇനി തീയണച്ച് മൂടി തുറന്ന് അല്പം വിനാഗിരി തെളിച്ച ശേഷം വീണ്ടും അടച്ചുവെക്കാം. പത്ത് മിനിറ്റിന് ശേഷം ചൂടോടെ വിളമ്പാം.

Content Highlights:Special Chicken Fried Rice Recipe, Food