ല്‍പം മിനക്കേടുള്ള പണിയാണെന്ന് ആദ്യമേ പറഞ്ഞേക്കാം. അതുകൊണ്ടുതന്നെ പാചകം ഇഷ്ടമില്ലാത്തവര്‍ കടകളില്‍ പോയി കഴിക്കുന്നത് തന്നെയാണ് നല്ലത്. അതല്ലാ, അല്‍പം മിനക്കെട്ടാലും ശരി ഇതൊന്ന് ഉണ്ടാക്കിനോക്കാം എന്നുള്ളവര്‍ക്ക് കടന്നുവരാം. അപ്പൊ തുടങ്ങുകയല്ലേ...

ചേരുവകള്‍ 
ആദ്യ ഘട്ടം 

 • ഇളം ചൂട് പാല്‍ - അര കപ്പ്
 • യീസ്റ്റ് - അര ടേബിള്‍ സ്പൂണ്‍ 
 • പഞ്ചസാര - അര ടീസ്പൂണ്‍ 
 • ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍ 

രണ്ടാം ഘട്ടം 

 • മൈദ മാവ് - 2 കപ്പ്
 • ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍ 
 • ഉപ്പ് - അര ടീസ്പൂണ്‍ 

ടോപ്പിങ്ങുകള്‍ക്കായി

 • ഉള്ളി - 1 (അരിഞ്ഞത്) 
 • തക്കാളി - 1 (അരിഞ്ഞത്)
 • ബ്ലാക്ക് ഒലീവ് - ആവശ്യമുള്ളത് (അരിഞ്ഞത്)
 • കാപ്‌സിക്കം - പച്ച, ചുവപ്പ് - ആവശ്യമുള്ളത് (അരിഞ്ഞത്)
 • വേവിച്ച കടല്‍ ഭക്ഷണം (കൊഞ്ച്/ കണവ/ കക്ക) - ആവശ്യം ഉള്ളത്. സീഫുഡ് ഇഷ്ടം അല്ലാത്തവര്‍ക്ക് ചിക്കനും ഉപയോഗിക്കാം കേട്ടോ
 • ഫ്രെഷ് മഷ്റൂം - ആവശ്യമുള്ളത്
 • പിസ്സ സോസ് അല്ലെങ്കില്‍ ടൊമാറ്റോ പേസ്റ്റ് - 34 ടേബിള്‍ സ്പൂണ്‍
 • മോസരെല്ല ചീസ് - ആവശ്യമുള്ളത് (ഗ്രേറ്റഡ്)
 • ഷെഡ്ഡാര്‍ ചീസ് - ആവശ്യമുള്ളത് (ഗ്രേറ്റഡ്)
 • ബേസില്‍ ലീവ്‌സ് - ആവശ്യമുള്ളത് (ഒരു പിടി)

 

പാചകം ചെയ്യുന്ന രീതി
യീസ്റ്റ് മിശ്രിതം ഒരു വലിയ പാത്രം എടുത്ത് ഒന്നാം ഘട്ടത്തിലെ എല്ലാ ചേരുവകളും ചേര്‍ത്ത് ഫെര്‍മെന്റേഷന്‍ ചെയ്യാന്‍ വയ്ക്കുക - 10 മിനിറ്റ് മൂടി വയ്ക്കുക. ഇനി ഒരു വലിയ പാത്രം എടുത്ത് മാവ്, ഉപ്പ്, എണ്ണ, യീസ്റ്റ് മിശ്രിതം എന്നിവ ചേര്‍ക്കുക.

ഫുഡ് പ്രോസസ്സറില്‍ വേണമെങ്കിലും കുഴച്ചെടുക്കാം. ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കുക, ശേഷം 10 മിനിറ്റ്  കൈകള്‍ ഉപയോഗിച്ച് നന്നായി കുഴച്ചു വയ്ക്കുക. മാവ് കൈയില്‍ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ കുറച്ചു മൈദാ മാവ് തൂകി കൊടുക്കാം. 

ഒരു ഉണങ്ങിയ വലിയ  പാത്രത്തില്‍  അല്‍പം ഒലിവ് ഓയില്‍ തടവിയതിന് ശേഷം, കുഴച്ച മാവ് അതില്‍ വെക്കുക. കുഴച്ച മാവിന്റെ മുകളിലും ഒലിവ് ഓയില്‍ തടവി  കൊടുക്കണം. എന്നിട്ട് കാറ്റ് കടക്കാതെ അടച്ച് വയ്ക്കണം. ഒന്നര മണിക്കൂര്‍ നേരത്തേക്കെങ്കിലും കുഴച്ച മാവ് ഇങ്ങനെ വയ്ക്കണം. 

ഈ സമയം കൊണ്ട് അര ടേബിള്‍സ്പൂണ്‍ വെണ്ണയും ഒരു നുള്ള് ഉപ്പും അല്‍പം കുരുമുളക് പൊടിയും ചേര്‍ത്ത് സീ ഫുഡ്ഡും അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും വഴറ്റി വയ്ക്കുക. ഒന്നു വഴറ്റിയെടുത്താല്‍ മതിയാകും. നന്നായി വേവിച്ചെടുക്കേണ്ട ആവശ്യമില്ല. 

ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ പിസ്സ മാവ് ഇരട്ടി ആയത് കാണാന്‍ സാധിക്കും. ഈ മാവ് വീണ്ടും നന്നായി കുഴച്ചെടുക്കുക. ശേഷം ഈ മാവ് കുറച്ചു കനത്തില്‍ പരത്തുക. നേരിട്ട് പിസ്സ ബേക്ക് ചെയ്യുന്ന പാനില്‍ വച്ച് പരത്താം, അല്ലെങ്കില്‍ ചപ്പാത്തി പരത്തുന്ന കല്ല്  ഉപയോഗിക്കാം. 

പിസ്സ മാവ് പരത്തി കഴിഞ്ഞാല്‍ അതില്‍ ഒരു ഫോര്‍ക് കൊണ്ട് കുത്തുക. അധികം ഉള്ള എയര്‍ ബബിള്‍സ് പുറത്ത് പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ച് ടൊമാറ്റോ സോസ് മാവിന് മുകളില്‍ തേക്കുക. 

ഇതിനു മുകളിലായി മോസരെല്ല ചീസ് വിതറിയിടുക. ഇനി നേരത്തേ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും വേവിച്ചു വച്ചിരിക്കുന്ന സീ ഫുഡ്ഡും കൂടി പിസ്സ മാവിന് മുകളിലായി വിതറിക്കൊടുക്കുക. കുത്തിനിറച്ചു ടോപ്പിങ്ങുകള്‍ പാടില്ല. അവസാനം, പിസ്സ ക്രസ്റ്റിന് മുകളില്‍ ഷെഡ്ഡാര്‍ ചീസ് (ഗ്രേറ്റഡ്) കൂടി ചേര്‍ക്കുക.

240 ഡിഗ്രി സെല്‍ഷ്യസില്‍ അവന്‍ 15 മിനിറ്റ് പ്രീ- ഹീറ്റ് ചെയ്യുക. പിന്നീട് 12- 15 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. നല്ല സ്വര്‍ണനിറം ആകുന്നതാണ് കണക്ക്. അവനില്‍ നിന്ന് എടുത്തിട്ട് 5 മിനിറ്റ് തണുക്കാന്‍ വയ്ക്കാം... പിസ്സ റെഡി ആയി കേട്ടോ! 

Content Highlights: Seafood Pizza Crust, Seafood Pizza Crust recipe, Seafood Pizza Crust ingredients, mixed seafood pizza, pizza making, food, pizza making tips, seafood