സൈഡ് ഡിഷായും സ്നാക്സായുമൊക്കെ ഉപയോ​ഗിക്കാൻ കഴിയും വിധത്തിൽ ഉരുളക്കിഴങ്ങ് കൊണ്ടൊരു പരീക്ഷണം നടത്തിയാലോ? പൊട്ടെറ്റോ വെഡ്ജസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ
ഉരുളക്കിഴങ്ങ്- 500 ​ഗ്രാം‌
കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
ഒറി​ഗാനോ- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളിപേസ്റ്റ്- 1 ടീസ്പൂൺ
കുരുമുളക് ചതച്ചത്- അര ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
അരിപ്പൊടി- 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കുക. ഇനി നെടുകെ കീറിയതിനു ശേഷം ഇരുവശത്തു നിന്നും നീളത്തിൽ മൂന്നുനാലു കഷ്ണങ്ങളാക്കുക. ഇത് തണുത്ത വെളത്തിൽ അരമണിക്കൂർ ഇട്ടുവെക്കുക.മറ്റൊരു ബൗളിൽ വെളുത്തുള്ളി പേസ്റ്റ്, മസാലകൾ, അരിപ്പൊടി എന്നിവ ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് അൽപനേരം മാറ്റിവെക്കുക. ഇനി ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് ഉരുളക്കിഴങ്ങ് ചേർക്കുക. പാതിവെന്തു വരുമ്പോൾ വാങ്ങിവച്ച് നനവ് നീക്കാം. നന്നായി തണുത്തുകഴിഞ്ഞാൽ മിക്സ് ചെയ്തു വച്ച മസാല പുരട്ടിയെടുക്കാം. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെല്ലാം മസാല നന്നായി പുരണ്ടു കഴിഞ്ഞാൽ ഒരു കടായിയിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഓരോന്നായി ഇട്ടുകൊടുക്കാം. ​ഗോൾഡൻ നിറമാവും വരും ഫ്രൈ ചെയ്തെടുക്കുക. ശേഷം വാങ്ങിവച്ച് ഉപയോ​ഗിക്കാം. 

Content Highlights: potato wedges recipe