പൈനാപ്പിൾ കൊണ്ട് ജ്യൂസും കറിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. ഇവയേക്കാളെല്ലാം വ്യത്യസ്തമായ ഒരു ഡിഷ് പരീക്ഷിച്ചാലോ? പൈനാപ്പിൾ ഫ്രൈഡ് റൈസ് തയ്യാറാക്കുന്ന വിധമാണ് നൽകിയിരിക്കുന്നത്. എരിവും മധുരവും ഇടകലർന്ന പൈനാപ്പിൾ ഫ്രൈഡ് റൈസ് പരീക്ഷിക്കാം. 

ചേരുവകൾ

മുളകുപൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- അര ടീസ്പൂൺ
​ഗരംമസാല- കാൽ ടീസ്പൂൺ
ജീരകംപൊടിച്ചത്- അര ടീസ്പൂൺ
വേവിച്ച ബസ്മതി അരി- 2 കപ്പ്
ഉള്ളി അരിഞ്ഞത്- രണ്ട് കപ്പ്
കാപ്സിക്കം കഷ്ണങ്ങളാക്കിയത്- അര കപ്പ്
കാരറ്റ് അരിഞ്ഞത്- അരകപ്പ്
പൈനാപ്പിൾ കഷ്ണങ്ങളാക്കിയത്- മുക്കാൽ കപ്പ്
വറുത്ത കാഷ്യൂ- 8-10
വെളുത്തുള്ളി ചതച്ചത്- 1 ‌ടേബിൾ സ്പൂൺ‌
പച്ചമുളക് ചെറുതായി അരിഞ്ഞത്- 1
സോയാ സോസ്- 1 ‌ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- 8-10 തണ്ട്
എള്ളെണ്ണ- 1 ‌ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞുവച്ച ഉള്ളി നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കഷ്ണങ്ങളാക്കിയ കാപ്സിക്കം, കാരറ്റ് എന്നിവ ചേർത്ത് നന്നായി വേവിക്കുക. ഇനി കഷ്ണങ്ങളാക്കിയ പൈനാപ്പിൾ ചേർത്ത് ഒരു മിനിറ്റ് വേവിക്കാം. വറുത്തുവച്ച അണ്ടിപ്പരിപ്പും ചേർക്കു. എല്ലാ പച്ചക്കറികളും രണ്ടുമിനിറ്റ് വെന്തതിനു ശേഷം കറിപൗഡറുകളും ഒരു ടേബിൾ സ്പൂൺ സോയാ സോസും ചേർത്തിളക്കാം. ഇനി വേവിച്ചുവച്ച അരി ചേർത്തതിനുശേഷം ആവശ്യത്തിന് ഉപ്പും എണ്ണയും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വാങ്ങിവെക്കാം. 

Content Highlights: Pineapple Fried Rice Recipe