തെന്താണ് ലവ്‌ലി പിസ്സ? ലവ് ആകൃതിയില്‍ ഉണ്ടാക്കിയ പിസ്സ, അത്ര തന്നെ. ലവ് ആകൃതിയിലെ പിസ്സയോ, അതെവിടെ കിട്ടും? അതിപ്പൊ എന്തിനാ വേറെ എവിടെയെങ്കിലും കിട്ടുന്നത് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നേ. ശരിക്കും? അതേന്നേ... വീട്ടില്‍ തന്നെ ഉണ്ടാക്കാം പിസ്സ. താഴെ പറഞ്ഞിട്ടുള്ള പോലെ അങ്ങ് ഉണ്ടാക്കിയാല്‍ മതി. 

ചേരുവകകള്‍
1. പിസ്സ ബേസ്
മൈദ/ ഗോതമ്പ് പൊടി - 200 ഗ്രാം
യീസ്റ്റ് (ഇന്‍സ്റ്റന്റ് ) - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 1.1/ 2- ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍

2. പിസ്സ സോസ്
തക്കാളി (പഴുത്തത്) - 2എണ്ണം (വലുത്)
വറ്റല്‍ മുളക് - 4 എണ്ണം (വെള്ളത്തില്‍ 2മണിക്കൂര്‍ ഇട്ടു വച്ചത്)
വെളുത്തുള്ളി - 5 അല്ലി
ഉപ്പ് - ആവശ്യത്തിന്
സ്പ്രിങ് ഒനിയന്‍ - 3 അല്ലി
കുരുമുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍

3. പിസ്സ ടോപ്പിങ്‌സ്
കോളിഫ്‌ലവര്‍/ ബ്രോക്കോളി - 100 ഗ്രാം (ചെറുതായി മുറിച്ചത്)
കൂണ്‍ - 100 ഗ്രാം
കാപ്സികം - 100 ഗ്രാം (വിവിധ നിറങ്ങളില്‍ ഉള്ളതായാല്‍ നല്ലത്)
ബീന്‍സ് - 2 എണ്ണം (അവിയല്‍ പാകം മുറിച്ചത്)
മോസിറില്ല ചീസ് - 100 ഗ്രാം (താല്‍പര്യമനുസരിച്ച് കൂടുതലും ആവാം)
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
സവാള - ഒന്ന് വലുതായി അരിഞ്ഞത്

ഇഷ്ടമുള്ള പച്ചക്കറികള്‍ ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്.

ഒറിഗാനോ - 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കേണ്ട വിധം 
1. അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി 5 മിനിറ്റ് വയ്ക്കുക. പതഞ്ഞു വരുമ്പോള്‍ മൈദയും ഉപ്പും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴക്കുക. നന്നായി മാവ് തയ്യാറാകുമ്പോള്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഒന്നുകൂടി കുഴച്ച് മാവ് പൊങ്ങാനായി 2മണിക്കൂര്‍ വയ്ക്കുക. നനഞ്ഞ തുണി കൊണ്ട് മൂടിയായിരിക്കണം മാവ് വയ്‌ക്കേണ്ടത്.

2. തക്കാളിയും കുതിര്‍ത്തുവച്ച വറ്റല്‍മുളകും 10 മിനിറ്റ് വെള്ളത്തില്‍ തിളപ്പിക്കുക. വെന്ത തക്കാളിയുടെ തോല് കളഞ്ഞ് മുളകും കൂട്ടി നന്നായി മിക്‌സിയില്‍ അരക്കുക. ഒരു അരിപ്പ ഉപയോഗിച്ചു അരിച്ചെടുക്കുക. 

ഒരു ചട്ടിയില്‍ ഒലിവ് ഓയില്‍ ചൂടാക്കി ചെറുതായി അറിഞ്ഞ വെളുത്തുളളി ചേര്‍ക്കുക. വെളുത്തുള്ളി വാടി വരുമ്പോള്‍ അരിച്ചു വച്ച തക്കാളി പള്‍പ്പ് ചേര്‍ക്കുക. നന്നായി തിളച്ചു വെള്ളം കുറുകി വരുമ്പോള്‍ കുരുമുളക് പൊടിയും ചെറുതായി അറിഞ്ഞ സ്പ്രിങ് ഒനിയനും ചേര്‍ക്കുക. പിസ്സ സോസ് റെഡി.

3. മോസിറില്ല ചീസ് ഒഴികെയുള്ള പിസ്സ ടോപ്പിംഗ്സിന്റെ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

പിസ്സ ബേക്കിങ് 
നന്നായി പൊങ്ങി വന്ന മാവ് വീണ്ടും വൃത്തിയായി കുഴച്ച് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി എടുക്കുക. അരികുകള്‍ കുറച്ചു കട്ടിയില്‍ മടക്കുക. പിസ്സ സോസ് ഇഷ്ടാനുസരണം തേക്കുക. അതിനു ശേഷം കുറച്ചു മോസിറില്ല ചീസ് വിതറാം. 

ഇതിനു മുകളിലായി പച്ചക്കറികളും വീണ്ടും ചീസും ആയി ടോപ്പിംഗ്സ് തീര്‍ക്കാം. ഇവിടെ നിങ്ങളുടെ താല്‍പര്യമനുസരിച്ച് ചിക്കനോ മീനോ ചെമ്മീനോ ചേര്‍ക്കാം. ആവശ്യമെങ്കില്‍ ഒറിഗാനോയും കുരുമുളക് പൊടിയും വീണ്ടും മുകളില്‍ വിതറാം.

180 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്ത ഓവനില്‍ 20 മിനിറ്റില്‍ ബേക്ക് ചെയ്താല്‍ വായില്‍ വെള്ളമൂറുന്ന പിസ്സ റെഡി. പിസ്സ ടോപ്പിങ്‌സ് ഇന്ത്യന്‍ രുചികളില്‍ വേണ്ടവര്‍ക്ക് ഗരം മസാല ചേര്‍ത്തും ഒരു കൈ നോക്കാവുന്നതാണ്.