ഫ്രൈഡ് റൈസിന്റെയോ ന്യൂഡില്‍സിന്റെയോ കൂടെ കഴിക്കാവുന്ന ഒരു ഡ്രൈ ഐറ്റമാണ് ഹണി ലൈം ചിക്കന്‍. തേനിന്റെ മധുരവും നാരങ്ങാ നീരിന്റെ പുളിപ്പും കുരുമുളകിന്റെ എരിവും ചേര്‍ന്ന ഒരു പ്രത്യേക സ്വാദ് നിങ്ങള്‍ ഇതുവരെ കഴിച്ചിട്ടുള്ള കോഴി വിഭവങ്ങളില്‍ നിന്നെല്ലാം ഹണി ലൈം ചിക്കനെ വ്യത്യസ്തമാക്കുന്നു.

ആവശ്യമായ സാധനങ്ങള്‍
4 കഷ്ണം എല്ലില്ലാത്ത കോഴിയിറച്ചി
1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ 
1 ടീസ്പൂണ്‍ ഉപ്പ് 
2 ഗ്രാമ്പൂ 
2 അല്ലി വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)
1 പച്ചമുളക് (ചെറുതായി അരിഞ്ഞത്)
2 ടീസ്പൂണ്‍ മുളകുപൊടി 
1 ടേബിള്‍ സ്പൂണ്‍ തേന്‍
4 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് 

തയ്യാറാക്കുന്ന വിധം 
ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, ഒലിവ് ഓയില്‍, ഗ്രാമ്പൂ, തേന്‍, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് എല്ലില്ലാത്ത കോഴിക്കാല്‍ കൂടി ഇട്ട് നന്നായി ഇളക്കിയെടുക്കുക. കോഴി ഇറച്ചിയില്‍ അരപ്പു പിടിക്കാനായി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. 

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇറച്ചി മുക്കി പൊരിക്കാനല്ല മറിച്ച് മൊരിയാന്‍ ആവശ്യമായ അത്ര എണ്ണ എടുത്താല്‍ മതിയാവും. 

മൊരിച്ചെടുത്ത ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 

ഈ കഷ്ണങ്ങള്‍ 2 ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഉപ്പ്, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതത്തില്‍ മുക്കി വയ്ക്കുക.

10 മിനിട്ടിനു ശേഷം ഫ്രൈഡ് റൈസിന്റെയോ ന്യൂഡില്‍സിന്റെയോ കൂടെ കഴിക്കാം.