കാബേജിന്റെയും കോളിഫ്‌ളവറിന്റേയും കുടുംബത്തില്‍ പെട്ട ഒരു സസ്യമാണ് ബ്രൊക്കോളി. ഇതിന്റെ മുകള്‍വശത്തുണ്ടാകുന്ന പൂവ് പോലെ തോന്നിക്കുന്ന ഭാഗമാണ് ഭക്ഷ്യവസ്തുവായി സാധാരണ ഉപയോഗിക്കുന്നത്. കേരളത്തിന്റെ ദൈനംദിന വിഭവങ്ങളില്‍ ഇപ്പോഴും ബ്രൊക്കോളിയുടെ ഉപയോഗം കുറവാണ്. ബ്രൊക്കോളിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ വളരെ ഉയര്‍ന്നതാണ് എന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല എന്നതാണ് യാഥാര്‍ഥ്യം.

വിറ്റാമിന്‍ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. കൂടാതെ ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുമുണ്ട്. സസ്യങ്ങള്‍ക്ക് നിറവും മണവും രുചിയും നല്‍കുന്ന രാസവസ്തുക്കളാണ് ഫൈറ്റോകെമിക്കലുകള്‍. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫൈറ്റോകെമിക്കലുകള്‍ക്ക് സഹായിക്കാന്‍ കഴിയും.

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ഒരു പുതിയപഠനം കണ്ടെത്തിയിരിക്കുന്നത് ആഴ്ചയില്‍ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ്-II പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, ചില തരം അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കാന്‍ സഹായിക്കുമെന്നാണ്.

സള്‍ഫര്‍ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കാന്‍ ബ്രൊക്കോളിക്ക് സഹായിക്കാനാവും. ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

ബ്രൊക്കോളിയിലടങ്ങിയിരിക്കുന്ന ഫെനോള്‍ സംയുക്തങ്ങള്‍ പാചകം ചെയ്യുമ്പോള്‍ നഷ്ടമാകാത്തവയാണ്. അതിനാല്‍ പാചകം ചെയ്തു കഴിഞ്ഞാലും ബ്രൊക്കോളിയുടെ ഗുണങ്ങള്‍ അങ്ങനെ തന്നെ നമുക്ക് ലഭിക്കും.

വിദേശരാജ്യങ്ങളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന ബ്രൊക്കോളി കേരളത്തിലും കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ച് പ്രദേശങ്ങളാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യമെന്നതു കൊണ്ട് ഇടുക്കിയിലാണ് ബ്രൊക്കോളി കൃഷി ഇപ്പോള്‍ ചെയ്യുന്നത്. ബ്രൊക്കോളി നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് ഇവിടത്തെ കാര്‍ഷിക ഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞു.

ബ്രൊക്കോളി കൊണ്ടുണ്ടാക്കാവുന്ന രൂചികരമായ ധാരാളം വിഭവങ്ങളുണ്ട്.  എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവം ഇവിടെ പരിചയപ്പെടാം.

ചട്ട്പട്ട് ബ്രൊക്കോളി

ചേരുവകള്‍

 • 250 ഗ്രാം ബ്രൊക്കോളി ചെറുതായി മുറിച്ചത്broccoli dish
 • 2 ടേബിള്‍സ്പൂണ്‍ എണ്ണ
 • 2 ടീസ്പൂണ്‍ കടുക്
 • 4-5 കറിവേപ്പില
 • 3-4 ചുവന്ന കുരുമുളക്
 • 1/8 ടീസ്പൂണ്‍ കായപ്പൊടി
 • 1 ടീസ്പൂണ്‍ ജീരകം
 • 50 ഗ്രാം ഇഞ്ചി കൊത്തിയരിഞ്ഞത്
 • 2 ടീസ്പൂണ്‍ വെളുത്തുള്ളി കൊത്തിയരിഞ്ഞത്
 • 20 ഗ്രാം പുളി ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞെടുത്തത്
 • 2 ടീസ്പൂണ്‍ ഉപ്പ് 

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ കറിവേപ്പിലയും കുരുമുളകും കായവും ജീരകവും ചേര്‍ക്കുക.
മൂത്തു കഴിഞ്ഞാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക.
അതിലേക്ക് ബ്രൊക്കോളി ചേര്‍ത്ത് കുറച്ചു സമയം വഴറ്റുക.
അതിനു ശേഷം ചെറിയ തീയില്‍ കുറച്ചു സമയം അടച്ചു വേവിക്കുക.
പുളിവെള്ളവും ഉപ്പും ചേര്‍ത്ത് തിളച്ചു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പുക.

അമിതവണ്ണമുള്ളവര്‍ക്ക് ബ്രൊക്കോളി നിത്യവും കഴിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. അതു കൊണ്ട് ഇത്രയും ഗുണങ്ങളുള്ള ബ്രൊക്കോളിയെ തഴയാതെ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട.