ചോറിന് കറികൾ വെക്കാൻ മടിപിടിച്ചിരിക്കുന്ന ദിവസങ്ങളിൽ എളുപ്പത്തിൽ വ്യത്യസ്തമായ മറ്റൊരു ഡിഷ് പരീക്ഷിച്ചാലോ? കാബേജ് ഫ്രൈഡ് റൈസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

വേവിച്ച അരി- അരകപ്പ്
കാബേജ്- രണ്ട് കപ്പ്
​ഗ്രീൻ പീസ്- കാൽ കപ്പ്
പച്ചമുളക്- രണ്ട്
ഒലിവ് ഓയിൽ- 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി- മൂന്ന് അല്ലി
വിനാ​ഗിരി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടിച്ചത്- കാൽ ടീസ്പൂൺ
ജാതിപത്രി- ചെറിയൊരു കഷ്ണം
തക്കോലം- അര

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി വൃത്തിയാക്കി ഒരു കപ്പ് വെള്ളത്തിൽ വേവിക്കുക. വേവ് അമിതമാവരുത്. ഇനി കാബേജ് അരിഞ്ഞു വെക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കി വെളുത്തുള്ളി, പച്ചമുളക്, ജാതിപത്രി, തക്കോലം എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് കാബേജും ​ഗ്രീൻപീസും ചേർക്കുക. രണ്ടുമൂന്ന് മിനിറ്റ് നല്ല ചൂടിൽ വഴറ്റിയതിനു ശേഷം വിനാ​ഗിരി ചേർക്കുക. വീണ്ടും വഴറ്റുക. കാബേജ് ​ഗോൾഡൻ നിറമായിത്തുടങ്ങുമ്പോൾ വേവിച്ച ചോറ് തണുത്തതിനുശേഷം ചേർക്കുക. കുരുമുളകുപൊടിയും ഉപ്പും ചേർക്കുക. രണ്ടുമിനിറ്റ് വേവിച്ചതിനുശേഷം വാങ്ങിവെച്ച് ഉപയോ​ഗിക്കാം.

Content Highlights: cabbage fried rice recipe