സാധാരണ ഫ്രൈഡ് റൈസിനു പകരം വ്യത്യസ്തമായൊന്ന് പരീക്ഷിച്ചാലോ? ബേൺഡ് ​ഗാർലിക് ഫ്രൈഡ് റൈസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

 • ബസ്മതി റൈസ്- അര കപ്പ്
 • വെള്ളം- മൂന്ന് കപ്പ്
 • ഉപ്പ്- ആവശ്യത്തിന്
 • എള്ളെണ്ണ- രണ്ടര ടീസ്പൂൺ
 • വെളുത്തുള്ളി- 9-10
 • സ്പ്രിങ് ഒനിയൻ വൈറ്റ്- കാൽ കപ്പ്
 • കാരറ്റ്- കാൽ കപ്പ്
 • ബീൻസ്- 5- 6
 • കാപ്സിക്കം- 1 മീഡിയം
 • സെലറി- 1 ടീസ്പൂൺ( ഓപ്ഷനൽ)
 • കുരുമുളക് ചതച്ചത്- അര ടീസ്പൂൺ
 • സോയാ സോസ്- 1 ടീസ്പൂൺ
 • വിനാഗിരി- കാൽ ടീസ്പൂൺ
 • സ്പ്രിങ് ഒനിയൻ ഗ്രീൻ- 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് നന്നായി കഴുകി കുതിർക്കാൻ വെക്കുക. മുപ്പതു മിനിറ്റിനുശേഷം വെള്ളം നീക്കുക. ഒരു പാത്രത്തിൽ മൂന്നു കപ്പ് വെള്ളമൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉപ്പും കാൽ ടീസ്പൂൺ എള്ളെണ്ണയും ഒഴിക്കുക. വെള്ളം തിളച്ചുവരുമ്പോൾ അരി ചേർത്ത് ചെറുതായി ഇളക്കുക. വെള്ളം വറ്റിയതിനുശേഷം വെള്ളം പാടേ അരിച്ചു മാറ്റുക. തണുത്ത വെള്ളത്തിൽ കഴുകിയതിനുശേഷം മാറ്റിവെക്കുക. ചോറ് വീണ്ടും വേവാതിരിക്കാനാണിത്. ഇനി റൈസ് തണുക്കാൻ വച്ചതിനുശേഷം പച്ചക്കറികളെല്ലാം നന്നായി അരിയുക. ഒരു കടായി എടുത്ത് രണ്ടേകാൽ ടീസ്പൂൺ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ രണ്ടു മൂന്നു ടീസ്പൂൺ വെളുത്തുള്ളി മാറ്റിവെക്കുക. ഇത് അലങ്കരിക്കാനാണ്. ഇനി ബാക്കിയുള്ള വെളുത്തുള്ളി മുഴുവൻ നന്നായി വറുത്തെടുക്കുക. വെളുത്തുള്ളി കടും ബ്രൗൺ നിറമാവുമ്പോൾ അരിഞ്ഞുവച്ച സ്പ്രിങ് ഒനിയൻ വൈറ്റ് ചേർക്കുക. ഒരുമിനിറ്റ് ഇളക്കിയതിനുശേഷം അരിഞ്ഞുവച്ച ബീൻസ് ചേർക്കുക. രണ്ടുമിനിറ്റ് ഇളക്കിക്കഴിഞ്ഞ് ബാക്കിയുള്ള അരിഞ്ഞുവച്ച പച്ചക്കറികളെല്ലാം ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച കുരുമുളകും അരിഞ്ഞുവച്ച സെലറിയും ചേർത്ത് വഴറ്റുക. മൂന്നുമിനിറ്റ് ഇളക്കിയതിനുശേഷം സോയാസോസ് ചേർക്കാം. പച്ചക്കറിക്കൊപ്പം സോയാ സോസും നന്നായി പിടിച്ചതിനുശേഷം റൈസ് ചേർക്കാം. ആവശ്യത്തിന് ഉപ്പുചേർത്ത് ഇളക്കുക, ഇതിലേക്ക് വിനാഗിരി ചേർത്ത് ഇളക്കി തീയണയ്ക്കാം. സ്പ്രിങ് ഒനിയൻ ഗ്രീനും മാറ്റിവച്ച വെളുത്തുള്ളി വറുത്തതും കൊണ്ട് അലങ്കരിക്കാം. 

Content Highlights: burnt garlic fried rice