ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഭര്‍ത്താവ് മിലിന്ദ് സോമനെപ്പോലെ തന്നെ കര്‍ക്കശക്കാരിയാണ് അങ്കിത കോന്‍വാറും. വര്‍ക്കൗട്ടിന്റെയും ഡയറ്റിങ്ങിന്റെയുമൊക്കെ വിവരങ്ങള്‍ അങ്കിത സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്. ഇക്കുറി അങ്കിത പോസ്റ്റ് ചെയ്തിരിക്കുന്നത് വ്യത്യസ്തമായ ഒരു വിഭവത്തെക്കുറിച്ചാണ്. മധുരക്കിഴങ്ങ് കൊണ്ട് രുചികരമായ പായസം തയ്യാറാക്കുന്ന വിധമാണത്. ദീപാവലിക്കാലത്ത് വീട്ടിലെ മധുര വിഭവങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും മധുരക്കിഴങ്ങ് പായസവും ഉണ്ടാകാറുണ്ടെന്ന് അങ്കിത പറയുന്നു. 

അങ്കിത പങ്കുവച്ച മധുരക്കിഴങ്ങ് പായസം റെസിപ്പി

ചേരുവകള്‍

മധുരക്കിഴങ്ങ്- മൂന്ന്
നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍- മുക്കാല്‍കപ്പ്
വെള്ളം- രണ്ട് കപ്പ്
ശര്‍ക്കര- 3 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

മധുരക്കിഴങ്ങിന്റെ തൊലിനീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. പായസം തയ്യാറാക്കുന്ന പാത്രം ചൂടാക്കി നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് ബ്രൗണ്‍നിറമാവും വരെ വഴറ്റുക. ഇനി വെള്ളം ചേര്‍ത്ത് മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം തേങ്ങാപ്പാലും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് തീ കുറച്ചു വച്ച് വേവിക്കുക. കുറുകി വരുമ്പോള്‍ തീയണച്ച് വാങ്ങിവെക്കാം.

Content Highlights: Ankita Konwar shares recipe of healthy sweet potato kheer