പുലാവിനൊപ്പമോ ഊണിനൊപ്പമോ കഴിക്കാന്‍ കൊല്‍ക്കത്ത സ്റ്റൈലില്‍ ഒരു ചിക്കന്‍ ചാപ്പ് ഉണ്ടാക്കിയാലോ. ചിക്കനൊപ്പം  നെയ്യും മുളകുമൊക്കെ ചേര്‍ത്താണ് കൊല്‍ക്കത്ത സ്‌റ്റൈല്‍ ചിക്കന്‍ ചാപ്പ് ഉണ്ടാക്കുന്നത്.
 
ആവശ്യമുള്ള സാധനങ്ങള്‍
 
 • കഴുകി വൃത്തിയാക്കിയ ചിക്കന്റെ കാലും തുടയുടെ ഭാഗവും -രണ്ട് എണ്ണം വീതം
 • തൈര് -ഒരു കപ്പ്
 • ചെറിയുള്ളി -രണ്ടെണ്ണം
 • വറുത്ത കടലമാവ്- അരക്കപ്പ്
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
 • മുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍
 • ഗരം മസാല -ഒരു ടീസ്പൂണ്‍
 • കശുവണ്ടി അരച്ചത്-ഒരു ടേബിള്‍ സ്പൂണ്‍
 • കുങ്കുമപ്പൂ -ഒരു നുള്ള്
 • കുതിര്‍ത്ത കസ്‌കസ്-2 ടേബിള്‍ സ്പൂണ്‍
 • പഞ്ചസാര -ഒരു ടീസ്പൂണ്‍(ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക)
 • കെവ്ര വെള്ളം -ഒരു ടീസ്പൂണ്‍
 • നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
 • എണ്ണ -മൂന്ന് ടേബിള്‍ സ്പൂണ്‍
 • ഉപ്പ് -ആവശ്യത്തിന്
 • ജീരകം -ഒരു ടീസ്പൂണ്‍
 • പെരുജീരകം -ഒരു ടീസ്പൂണ്‍
 • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
 
തയ്യാറാക്കുന്ന വിധം
 
ഒരു വലിയ കുഴിവുള്ള പാത്രമെടുത്ത് അതിലേക്ക് തൈര്, ചെറിയുള്ളി അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കടലമാവ്, മുളക് പൊടി, മഞ്ഞള്‍പൊടി, ഗരം മസാല, കശുവണ്ടി അരച്ചത്, കസ്‌കസ്, കെവ്ര വെള്ളം, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്ത് വെക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മസാല നന്നായി പുരട്ടി 20 മിനിറ്റ് നേരം മാറ്റിവെക്കുക. 
 
വലിയൊരു പാനെടുത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയും നെയ്യും ചേര്‍ക്കുക. ഇത് ചൂടായി കഴിയുമ്പോള്‍ ചെറുജീരകവും പെരുംജീരകവും ചേര്‍ക്കുക. ഇത് നന്നായി മൂത്ത് കഴിയുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍ കഷ്ണങ്ങളും മസാലയും ചേര്‍ക്കാം. തീ കുറച്ചുവെച്ച് നന്നായി വേവിച്ചെടുക്കാം. പാനിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി ഇട്ടുകൊടുക്കാം. കറിയിലെ വെള്ളം നന്നായി വറ്റുന്നതുവരെ വേവിച്ചെടുക്കാം. പുലാവിനൊപ്പം കഴിക്കാന്‍ അടിപൊടി ചിക്കന്‍ ചാപ് തയ്യാര്‍. 
 
Content highlights: Recipe kolkata style chicken chaap, Food