ദിവസവും മുട്ടകൊണ്ട് ഒരേപോലുള്ള വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? ഓംലെറ്റും ബുൾസൈയുമൊക്കെ വിരസമായിതുടങ്ങിയെങ്കിൽ ഇതാ വ്യത്യസ്തമായൊരു കറി തയ്യാറാക്കാം. ഓംലെറ്റ് കൊണ്ട് കറി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

മുട്ട- അഞ്ച്
എണ്ണ- നാല് ടേബിൾ സ്പൂൺ
സവോള- 3
ഉപ്പ്- ആവശ്യത്തിന്
മുളകുപൊടി- ഒന്നര ടീസ്പൂൺ
പച്ചമുളക്- മൂന്നെണ്ണം
ജീരകം- അര ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ
ജീരകപ്പൊടി- 1 ടേബിൾ സ്പൂൺ
തക്കാളി വേവിച്ച് അരച്ചുവച്ചത്- അരകപ്പ്
തേങ്ങാപ്പാൽ- ഒരുകപ്പ്
​ഗരംമസാലപ്പൊടി- അര ടീസ്പൂൺ
മല്ലിയില ചതച്ചത്- ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കി വച്ച ഉള്ളിയുടെ പകുതി എടുത്ത് ഇളക്കുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് അരടീസ്പൂൺ മുളകുപൊടി, ഒന്നര പച്ചമുളക് എന്നിവ ചേർത്ത് നന്നായി അടിക്കുക. ഈ മിശ്രിതം പാനിലേക്ക് ഒഴിച്ച്  മുട്ട വേവിക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ജീരകം ഇടുക. ബ്രൗൺ നിറമായി വരുമ്പോൾ ബാക്കിയുള്ള ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. അൽപം വെള്ളമൊഴിക്കാം. ശേഷം ബാക്കിയുള്ള പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ച് അരച്ച് അരിച്ചു വച്ചിരിക്കുന്ന തക്കാളി മിശ്രിതം ചേർക്കാം. ഇവ നന്നായി വെന്തതിനുശേഷം ഒരുകപ്പ് വെള്ളമൊഴിച്ച് മൂന്നുമിനിറ്റ് വേവിക്കാം. ശേഷം തേങ്ങാപ്പാലും ഉപ്പും ചേർക്കാം, ഇതിലേക്ക് ​ഗരംമസാലപ്പൊടി ചേർത്ത് നന്നായി ഇളക്കാം. ഇനി മറ്റൊരു പാത്രത്തിൽ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന ഓംലെറ്റ് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചുവെക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ച ​ഗ്രേവി ചേർക്കാം. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം. 

വായനക്കാർക്കും റെസിപ്പികൾ പങ്കുവെക്കാം

Content Highlights: omelette curry recipe