സ്ഥിരം തയ്യാറാക്കുന്ന വിഭവങ്ങളിൽ നിന്ന് ഒന്നു മാറ്റിപ്പിടിച്ചാലോ? ചിക്കൻ ടിക്ക മസാല തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ- ഒന്നരക്കിലോ
തൈര്- 6 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത്- അര ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
ജീരകം- ഒരു ടീസ്പൂൺ
പാപ്റിക- 1 ‌ടീസ്പൂൺ‌
ഉപ്പ്- ഒന്നേകാൽ ടീസ്പൂൺ

ടിക്കാ മസാല സോസിന്

ക‌ടുകെണ്ണ- 2 ടേബിൾ സ്പൂൺ‌
സവോള കഷ്ണങ്ങളാക്കിയത്- ഒന്നരകപ്പ്
ഇഞ്ചി ചതച്ചത്- 2 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത്- നാലെണ്ണം‌
പാപ്റിക- 2 ടീസ്പൂൺ
​ഗരംമസാല- 1 ടീസ്പൂൺ
മഞ്ഞൾപ്പൊ‌ടി- അര ടീസ്പൂൺ
കുരുമുളക് ചതച്ചത്- അര ടീസ്പൂൺ
തക്കാളി ചതച്ചത്- 1 കപ്പ്
തൈര്- ആറ് കപ്പ്
ചുവന്ന മുളക്- അര ‌ട‌ീസ്പൂൺ
മല്ലിപ്പൊടി- അര‌‌ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ചിക്കൻ കഷ്ണങ്ങളാക്കിയത് എടുക്കുക. ഇതിലേക്ക് തൈര്, ഇഞ്ചി, ജീരകം, പാപ്റിക, ഉപ്പ് എന്നിവയിട്ട് നന്നായി മാരിനേറ്റ് ചെയ്യാൻ വെക്കുക. നന്നായി മൂടി മുക്കാൽമണിക്കൂറോളം ഫ്രിഡ്ജിൽ വെക്കുക. ശേഷം വലിയ പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ കടുകെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങളിട്ട് ആറേഴു മിനിറ്റ് വേവിക്കുക. വെന്തുവരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് നീക്കുക. ഇനി ബാക്കിയുള്ള കടുകെണ്ണയൊഴിച്ച് ഉള്ളി നന്നായി വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, പാപ്റിക, ​ഗരംമസാല, മഞ്ഞൾപ്പൊടി,കുരുമുളക്, ഉപ്പ്, ചുവന്ന മുളക് എന്നിവ ചേർത്ത് വഴഴറ്റുക. മസാല നന്നായി പിടിച്ചു വരുമ്പോൾ ചതച്ച തക്കാളി ചേർക്കുക. നാലുമിനിറ്റോളം ഇളക്കി വേവിക്കുക. ഇതിലേക്ക് തൈര് ചേർത്ത് യോജിപ്പിക്കുക. ഇനി തീ കുറച്ചുവച്ച് നാലുമിനിറ്റോളം വെക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ​ഗ്രേവിയുമായി നന്നായി മിക്സ് ചെയ്തതിനു ശേഷം വാങ്ങിവെക്കാം. 

Content Highlights: chicken tikka masala recipe