രുചികരമായ സാൻവിച്ച് കഴിക്കാൻ റെസ്റ്ററന്റിൽ പോകണമെന്നില്ല. വീട്ടിൽ തന്നെ കിടിലൻ സാൻവിച്ച് തയ്യാറാക്കാം. ചോളം ചേർത്ത് രുചികരമായ വെജിറ്റബിൾ സാൻവിച്ച് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

1. ബ്രഡ് 6 എണ്ണം
2. സവാള അരിഞ്ഞത് 3 ടേബിൾ സ്പൂൺ
3. തക്കാളി അരിഞ്ഞത് 3 ടേബിൾ സ്പൂൺ
4. ചോളം വേവിച്ചത് 1/4 കപ്പ്
5. ചീസ് 1/4 കപ്പ്
6. ചതുരത്തിലുള്ള ചീസ് കഷണം 6 എണ്ണം
7. ഒറിഗാനോ
8. വെണ്ണ
9. ഉപ്പ് ആവശ്യത്തിന്
10. കുരുമുളക് പൊടി 1/2 ടീസ്പൂൺ
11. വെള്ളം

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ സവാള ചെറുതാക്കി അരിഞ്ഞതും 3 ടേബിൾ സ്പൂൺ തക്കാളി ചെറുതാക്കി അരിഞ്ഞതും കാൽ കപ്പ് വേവിച്ച ചോളവും കാൽ കപ്പ് ചീസും കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മാറ്റി വക്കുക.

അതിനു ശേഷം ഓരോ ബ്രഡ് പീസിൻ്റെയും അരികു വശത്തുള്ള ബ്രൗൺ നിറം കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റുക. ശേഷം ബ്രഡ് പീസിനെ ചപ്പാത്തി കോൽ ഉപയോഗിച്ച് നന്നായി കനം കുറച്ച് പരത്തുക.അതിനു ശേഷം ഒരു ബ്രഡ് പീസ് എടുത്ത് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള വെജിറ്റബിൾ മിക്സ് അതിൻ്റെ നടുവിൽ ഇട്ടു കൊടുക്കുക. എന്നിട്ട് ആ ബ്രഡ് പീസിൻ്റെ നാലു വശങ്ങളിലും കുറച്ച് വെള്ളം നനച്ച് കൊടുത്ത ശേഷം വേറൊരു ബ്രഡ് പീസ് അതിൻ്റെ മുകളിൽ വച്ച് നാലു വശങ്ങളും നന്നായി അമർത്തി ഒട്ടിച്ചെടുക്കുക. ശേഷം ഒരു ചീസ് കഷണം ഈ ബ്രഡിൻ്റെ മുകളിൽ വച്ചിട്ട് മുകളിലായി കുറച്ച് ഒറിഗാനോയോ അല്ലെങ്കിൽ കുറച്ച് മുളക് പൊടിച്ചതോ വിതറി കൊടുക്കുക. ഇതു പോലെ ബാക്കി ഉള്ളതെല്ലാം ചെയ്തെടുക്കുക.

അതിനു ശേഷം ഒരു പാൻ കുറഞ്ഞ തീയിൽ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെണ്ണ ചേർത്ത് കൊടുത്തിട്ട് എല്ലാ വശത്തേക്കും പരത്തുക. എന്നിട്ട് തയ്യാറാക്കി വച്ചിട്ടുള്ള ബ്രഡ് പീസ് ഒരെണ്ണം വച്ചിട്ട് അതിനെ മൂടിവച്ച് ഏകദേശം 7-8 മിനിറ്റോളം വേവിച്ചെടുക്കുക. അതുപോലെ ബാക്കിയുള്ളതെല്ലാം ചെയ്തെടുക്കുക. രുചികരമായ സാൻവിച്ച് തയ്യാറായി.

വായനക്കാർക്കും റെസിപ്പികൾ പങ്കുവെക്കാം

Content Highlights: vegetable sandwich recipe