പച്ചമീൻ മാത്രമല്ല ഉണക്ക മീനും മുളകിട്ടു വെക്കാം. ചെമ്മീൻ കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഉണക്കച്ചെമ്മീൻ മുളകിട്ടതുണ്ടെങ്കിൽ ചോറിന് മറ്റൊന്നും വേണ്ട. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഉണക്ക ചെമ്മീൻ കഴുകി വൃത്തിയാക്കിയത് - ഒരു പിടി
- സവാള നേരിയതായി അരിഞ്ഞത് - 1 വലുത്
- വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞു മുഴുവനോടെ - 8-10 എണ്ണം
- മുളക് പൊടി -2-3 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി - 1-2 ടീസ്പൂൺ
- വാളൻ പുളി കുഴമ്പു രൂപത്തിൽ - ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ
- തേങ്ങാ തിരുമ്മിയത് - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി അല്ലികൾ (മുഴുവനോടെ) ഇട്ടു ചെറുതായി മൂപ്പിക്കുക. നിറം മാറി തുടങ്ങുമ്പോൾ സവാള ചേർക്കാം. സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ ഇതിലേക്ക് മുളകുപൊടികൾ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് പുളി വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അടുത്തതായി ഉണക്ക ചെമ്മീൻ ചേർത്ത് കൂടെ ഗ്രേവിക്കു ആവശ്യമായ വെള്ളവും ചേർത്ത് തിളപ്പിക്കുക. ഉപ്പു ചേർക്കാം. തിളച്ചു വരുമ്പോൾ തേങ്ങാ ചേർക്കാം അരയ്‌ക്കേണ്ടതില്ല ,) എല്ലാം വെന്തു കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. അല്പം വെളിച്ചെണ്ണ മീതെ ഒഴിക്കാം.
Content Highlights: unakka chemmeen curry recipe