ചോറുണ്ടാക്കണം, അതിനൊരു ഒഴിച്ചു കറിയും തോരനുമുണ്ടാക്കണം.. എന്നാലോ മടിമൂത്ത് ഒന്നിനും തോന്നുന്നുമില്ല. പലരും നേരിടുന്നൊരു പ്രശ്‌നമായിരിക്കും ഇത്. വല്ലപ്പോഴും അടുക്കളയ്ക്ക് ചെറിയൊരു റെസ്റ്റ് കൊടുക്കുന്നത് നല്ലതാണ്. എന്നുകരുതി ഹോട്ടല്‍ ഭക്ഷണത്തില്‍ അഭയം തേടണമെന്നില്ല. അധികം മിനക്കെടാതെ തന്നെ ടൊമാറ്റോ റൈസ് തയ്യാറാക്കിയാല്‍ ഊണിന്റെ കാര്യം കുശാലാകും.. സമയം കളയാതെ പ്രത്യേകം കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കാം എന്നതാണ് ടൊമാറ്റോ റൈസിനെ പലരുടെയും പ്രിയപ്പെട്ട വിഭവമാക്കി മാറ്റുന്നത്.

ചേരുവകള്‍

ചോറ്- ഒന്നര കപ്പ്
തക്കാളി നുറുക്കിയത്- ഒന്ന്
സവാള നുറുക്കിയത്- ഒന്ന്
പച്ചമുളക് നുറുക്കിയത്- രണ്ട്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ഒന്നര ടേ.സ്പൂണ്‍
ജീരകം പൊടിച്ചത്- അര ടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
ഗരംമസാല- കാല്‍ ടീസ്പൂണ്‍
കടുക്- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- അല്‍പം

തയ്യാറാക്കുന്ന വിധം

കടായ് ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില ചേര്‍ത്ത് വഴറ്റണം. അതിലേക്ക് പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് വഴറ്റാം. ശേഷം തക്കാളിയിട്ട് വീണ്ടും രണ്ട് മിനിറ്റ് വഴറ്റണം. ഇനി മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയശേഷം ചോറ് ചേര്‍ക്കുക. അവസാനം മല്ലിയില വച്ച് അലങ്കരിക്കാം.

Content Highlights: tomato rice recipe kerala style food