ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടായാലും ഒരല്‍പം പുളിയുള്ള പച്ചടിയെ ഇഷ്ടപ്പെടുന്നവരുണ്ട്. മാങ്ങയും വെള്ളരിക്കയും പാവയ്ക്കയും ബീറ്റ്‌റൂട്ടും കൊണ്ടുമൊക്കെ പച്ചടികള്‍ ഉണ്ടാക്കാം. എന്നാല്‍ സ്വതവേ പുളിയുള്ള തക്കാളി കൊണ്ടൊരു പച്ചടി ഉണ്ടാക്കി നോക്കിയാലോ? രുചികരമായ തക്കാളി പച്ചടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്നു.

ചേരുവകള്‍

പഴുത്ത തക്കാളി- 200 ഗ്രാം

പച്ചമുളക്- നാല്

ഇഞ്ചി- ഒരു ചെറിയ കഷ്ണം

തേങ്ങ- അരകപ്പ്

വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

തൈര്- ഒരു കപ്പ്

കറിവേപ്പില, കടുക്- താളിക്കാന്‍

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത തക്കാളി ഇരുനൂറു ഗ്രാമോളം എടുത്ത് ചെറുതായി അരിഞ്ഞു വെക്കുക. അരപ്പിനായി ഒരു മുറി തേങ്ങയില്‍ ഒരു ടീസ്പൂണ്‍ കടുകും രണ്ടു പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് വെള്ളം കുറച്ച് അരയ്ക്കുക. ശേഷം രണ്ടു പച്ചമുളകും ഇഞ്ചിയും കനം കുറച്ച് അരിയുക. അടികട്ടിയുള്ള പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച ചൂടായി വരുമ്പോള്‍ പച്ചമുളകും ഇഞ്ചിയും അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച തക്കാളി ചേര്‍ത്ത് രണ്ടു മിനിറ്റോളം വേവിക്കുക. തക്കാളി വെന്തുവരുമ്പോള്‍ അരപ്പിലേക്ക് ഒരുകപ്പ് കട്ടിതൈര് യോജിപ്പിച്ചതു കൂടി ചേര്‍ക്കുക. തിളപൊട്ടുമ്പോള്‍ തീ അണയ്ക്കുക. എണ്ണയൊഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് വാങ്ങിവെക്കാം.

Content highlights: tomato pachadi recipe