നോണ്‍ വെജ് പ്രേമികളുടെ ഇഷ്ടവിഭവമാണ് ചിക്കന്‍കറി. ചിക്കന്‍ ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ചിക്കന്‍ കറി പരിചയപ്പെടാം

ആവശ്യമുള്ള സാധനങ്ങള്‍

  1. ചിക്കന്‍: അരക്കിലോ
  2. മുളക് പൊടി 
  3. കുരുമുളക് പൊടി 
  4. മഞ്ഞള്‍ പൊടി 
  5. മല്ലിപ്പൊടി 
  6. ഗരം മസാല പൊടി 
  7. ഉള്ളി: 6 വലുത്
  8. തക്കാളി: 3 എണ്ണം
  9. പച്ച മുളക്: 5 അല്ലെങ്കില്‍ 6 എണ്ണം
  10. ഇഞ്ചി: 50 ഗ്രാം
  11. വെളുത്തുള്ളി: 3 എണ്ണം
  12. കറിവേപ്പില: 3  4 തണ്ട്
  13. മല്ലി ഇല: 3 4 തണ്ട്
  14. വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര്: 1 ടേബിള്‍ സ്പൂണ്‍ 
  15. ഉപ്പ്: ആവശ്യത്തിന്
  16.  

തയാറാക്കുന്ന വിധം:
 
ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക. സവാള, തക്കാളി എന്നിവ ഇടത്തരം വലുപ്പമുള്ള കഷണങ്ങളായി മുറിച്ച വെയ്ക്കുക

കഴുകി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇഞ്ചി -വെളുത്തുളളി -പച്ചമുളക് പേസ്റ്റ് 2 ടീസ്പൂണ്‍ ചേര്‍ക്കാം. ഇതിലേക്ക് 2 ടീ സ്പൂണ്‍ മുളക് പൊടി , 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി , അര സ്പൂണ്‍ കുരുമുളക് പൊടി , 2 സ്പൂണ്‍ വിനാഗിരി അല്ലെങ്കില്‍ നാരങ്ങാ നീര് , പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത നന്നായി കുഴച്ചു വക്കുക. കുറഞ്ഞത് 1 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവെക്കുക.

ഒരു വലിയ പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബാക്കി ഉള്ള ഇഞ്ചിവെളുത്തുള്ളി പച്ചമുളക് പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത വഴറ്റുക . ഒന്ന് മൂത്തു തുടങ്ങുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇതിലേക്ക് ചേര്‍ക്കുക, ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്ത് നന്നായി വഴറ്റുക .മൂത്തു കഴിഞ്ഞാല്‍ തക്കാളി ചേര്‍ക്കാം. തക്കാളി യോജിച്ചു കഴിഞ്ഞാല്‍ ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇടാം.

ഇതിലേക്ക് ഒരു ടീ സ്പൂണ്‍ മുളക്‌പൊടി, 1/ 2  ടീ സ്പൂണ്‍ മഞ്ഞള്‍പൊടി , 2  ടീ സ്പൂണ്‍  കുരുമുളക് പൊടി,1  ടീ സ്പൂണ്‍ മല്ലിെപ്പാടി, 1  ടീ സ്പൂണ്‍ ഗരം മസാല എന്നിവ  ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ മല്ലി ഇല അരിഞ്ഞത് മുകളില്‍ ഇട്ട് തീ അണക്കുക. 

Content Highlights: Simple chicken curry recipe