സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ളവരുണ്ട്. അധികം മിനക്കെടാതെ തയ്യാറാക്കാം എന്നതിനൊപ്പം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ പ്രിയങ്കരമാക്കുന്നത്. പ്രാതലിനു മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാന്‍ നേരമില്ലെങ്കില്‍ പെട്ടെന്ന് പരീക്ഷിക്കാവുന്ന റെസിപ്പിയാണിത്. സേമിയ ഉപ്പുമാവ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
സേമിയ- 1 കപ്പ്
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
സവോള- അര കപ്പ്
ബീന്‍സ്- അര കപ്പ്
കാരറ്റ്- അര കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി സേമിയ വറുത്തെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ വാങ്ങിവെക്കാം. ഇനി എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പും കടുകും വറുക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് രണ്ടുമിനിറ്റ് വേവിക്കുക. ശേഷം കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് കാല്‍കപ്പ് വെള്ളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഇനി ഒരു കപ്പ് വെള്ളമൊഴിച്ച് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വറുത്തുവെച്ച സേമിയ ഇട്ടുകൊടുക്കാം. ശേഷം മൂടിവച്ച് അഞ്ചുമിനിറ്റ് ഇടയ്ക്കിടെ ഇളക്കി വേവിക്കാം. വെന്തു കഴിഞ്ഞാല്‍ വാങ്ങിവെക്കാം. ചൂടാറുംമുമ്പ് നാരങ്ങാനീരൊഴിച്ച് കഴിക്കുകയോ സോസിനൊപ്പം കഴിക്കുകയോ ചെയ്യാം.
Content Highlights: Semiya Upma Recipe Vermicelli Upma