പാലക്കാടിന്റെ സ്വന്തമാണ് റാവുത്തര്‍ ബിരിയാണി. കാശ്മീരി മുളകുപൊടിയുടെ എരിവും നിറവും സ്‌പെഷ്യല്‍ ബിരിയാണി മസാലയും ചേര്‍ന്ന റാവുത്തര്‍ ബിരിയാണി വീട്ടില്‍ തയ്യാറാക്കിയാലോ.

ചേരുവകള്‍

 1. ജീരകശാല അരി- ഒരു കിലോ
 2. ചിക്കന്‍- ഒരു കിലോ
 3. വെളുത്തുള്ളി- 150 ഗ്രാം
 4. ഇഞ്ചി- 75 ഗ്രാം
 5. തക്കാളി- 250 ഗ്രാം
 6. സവാള- 250 ഗ്രാം
 7. പച്ചമുളക്- 50 ഗ്രാം
 8. ചുവന്നുള്ളി- 50 ഗ്രാം
 9. ചെറുനാരങ്ങാ- രണ്ടെണ്ണം
 10. തൈര്- ആവശ്യത്തിന്
 11. നെയ്യ്- 100 ഗ്രാം
 12. എണ്ണ- 100 ഗ്രാം
 13. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
 14. ഗരം മസാല- ഒരു ടീസ്പൂണ്‍
 15. മുളകുപൊടി, കാശ്മീരി ചില്ലി,- ഒരു ടേബിള്‍ സ്പൂണ്‍ വീതം
 16. പുതിനയില, മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്പ് ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ക്കുക. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. ഇനി സവാള അരിഞ്ഞത് ഇതിലിട്ട് വഴറ്റാം. ശേഷം അരച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി എന്നിവയും ചേര്‍ത്ത് വഴറ്റണം. നന്നായി  വഴറ്റിയാൽ തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റണം. അവസാനം മുളകുപൊടികളും തൈരും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ഇളക്കണം. ഇനി നുറുക്കി വൃത്തിയാക്കിയ ചിക്കന്‍ ഇതിലേക്ക് ചേര്‍ക്കാം. ഗരം മസാല ചേര്‍ത്ത് രണ്ട് ലിറ്റര്‍ വെള്ളവും ചേര്‍ക്കുക. ഇനി വെള്ളത്തില്‍ കുതിര്‍ത്തു വച്ച് അരി ചേര്‍ക്കാം. ചെമ്പ് അടച്ചു വച്ച് വേവിക്കാം. ബിരിയാണി റെഡിയായാല്‍ നുറുക്കിയ മല്ലിയിലയും പുതിനയിലയും വിതറാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Rawthar biriyani palakkad special food