നോമ്പുതുറ ഉഷാറാക്കാന്‍ കല്ലുമ്മക്കായ മസാലചോറ് തയ്യാറാക്കിയാലോ
 
കല്ലുമ്മക്കായ ഫ്രൈ ചെയ്യാന്‍ വേണ്ട ചേരുവകള്‍
 1. കല്ലുമ്മക്കായ : 3/4 കിലോ
 2. മുളക് പൊടി : ഒരുടീസ്പൂണ്‍
 3. മഞ്ഞള്‍ പൊടി : കാല്‍ ടീസ്പൂണ്‍
 4. ഉപ്പ് : ആവശ്യത്തിന്
 5. ഓയില്‍  : ആവശ്യത്തിന്
 6. മസാലക്ക് ആവശ്യമായ ചേരുവകള്‍
 7. ഉള്ളി : മൂന്നെണ്ണം
 8. തക്കാളി : ഒന്ന് വലുത്
 9. ഇഞ്ചി പേസ്റ്റ് : ഒരുടേബിള്‍ സ്പൂണ്‍
 10. വെളുത്തുള്ളി : ഒരു ടേബിള്‍ സ്പൂണ്‍
 11. പച്ചമുളക് : ആറെണ്ണം
 12. മല്ലിയില : ആവശ്യത്തിന് 
 13. പുതിനയില : ആവശ്യത്തിന് 
 14. നാരങ്ങാനീര് : ഒന്ന് വലുത്
 15. മഞ്ഞള്‍പൊടി : കാല്‍ ടീസ്പൂണ്‍
 16. ഗരം മസാല : ഒരുടീസ്പൂണ്‍
 17. ഉപ്പ് : ആവശ്യത്തിന്
ചോറിന് വേണ്ട ചേരുവകള്‍
 1. ജീരകശാല അരി : മൂന്ന് ഗ്ലാസ്
 2. വെള്ളം  : ആറ് ഗ്ലാസ്
 3. നെയ്യ് : ആവശ്യത്തിന് 
 4. സവാള : ഒരെണ്ണം 
 5. ഏലയ്ക്ക : മൂന്നെണ്ണം
 6. പട്ട : രണ്ടെണ്ണം
 7. ഗ്രാമ്പൂ : നാലെണ്ണം 
 8. ഉപ്പ് : ആവശ്യത്തിന്
ദം ഇടാന്‍ ആവശ്യമായ ചേരുവകള്‍
 1. മല്ലിയില  : ആവശ്യത്തിന് 
 2. പുതിന : ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം
 
കല്ലുമ്മക്കായ മസാല  പുരട്ടി അഞ്ച് മിനിറ്റ് വെക്കുക. ശേഷം എണ്ണ ഒരു പാനില്‍ ഒഴിച്ച് ഫ്രൈ ചെയ്‌തെടുത്ത് മാറ്റിവെക്കുക.  അതേ എണ്ണയില്‍ തന്നെയാണ് മസാല തയ്യാറാക്കേണ്ടത്. ആവശ്യമെങ്കില്‍ അല്‍പംകൂടി എണ്ണ ചേര്‍ക്കാം. ആദ്യം സവാള അരിഞ്ഞത് എണ്ണയിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള പകുതി വെന്താല്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. നന്നായി വഴന്നു വന്നാല്‍ തക്കാളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ചെറുനാരങ്ങാനീര് ,മല്ലിയില ,പുതിനയില എന്നിവ ചേര്‍ക്കുക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഫ്രൈ ചെയ്ത കല്ലുമ്മക്കായ ചേര്‍ത്ത് ഇളക്കി തീ അണയ്ക്കാം.
 
അരി കഴുകി വെള്ളം ഊറ്റുക. മറ്റൊരു പാത്രം ചൂടാക്കി നെയ്യ് ചേര്‍ത്ത് അതില്‍ അരിഞ്ഞ സവാള, ഏലയ്ക്ക,പട്ട,ഗ്രാമ്പു എന്നിവ ചേര്‍ക്കുക. സവാളയുടെ നിറം മാറുന്നതിനു മുന്‍പ് അരി ചേര്‍ത്ത് മൂന്ന് മിനിറ്റ് വറുക്കുക. ശേഷം തിളച്ച വെള്ളം അതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി തിളക്കുമ്പോള്‍ തീ കുറച്ച് അടച്ചു വെക്കുക. രണ്ട് മിനിറ്റ് കഴിഞ്ഞു ഇളക്കിക്കൊടുത്ത് ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക. ഇനി ദം ഇടാന്‍ ചോറിന്റെ പകുതി മാറ്റി വയ്ക്കുക. ബാക്കി പകുതി ചോറിന് മുകളില്‍ കുറച്ച് മല്ലിയില, പുതിന അരിഞ്ഞതും അല്പം ഇട്ട് കൊടുക്കുക.അതിനു മുകളില്‍ മസാല നിരത്തുക. ശേഷം ബാക്കി ചോറ് നിരത്തുക. മുകളില്‍ മല്ലിയില, പുതിന എന്നിവയിട്ട്  അടച്ചു വച്ച് അഞ്ച് മിനിറ്റ് ചെറുതീയില്‍ വച്ച് അണയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് ചോറും മസാലയും മിക്‌സ് ചെയ്ത് വിളമ്പുക.
 
Content Highlights: Ramadan special food kallummakkaya masala rice