ഇറച്ചി അല്ലെങ്കിൽ പച്ചക്കറികളുടെ ചേരുവകൾ(സ്റ്റോക്ക്) വെള്ളവുമായി യോജിപ്പിച്ചാണ് സൂപ്പ് തയ്യാറാക്കുന്നത്. പോഷകഗുണങ്ങൾ ധാരാളമടങ്ങിയ സൂപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മത്തങ്ങ കൊണ്ട് സൂപ്പ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ഒലീവ് ഓയിൽ- രണ്ട് ടേബിൾ സ്പൂൺ
ഉള്ളി- 1
വെളുത്തുള്ളി- രണ്ട് അല്ലി
മത്തങ്ങ കഷ്ണങ്ങളാക്കിയത്- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- അരടീസ്പൂൺ
വെള്ളം- രണ്ടുകപ്പ്
ക്രീം- അലങ്കരിക്കാൻ
തയ്യാറാക്കുന്നവിധം
വലിയൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ചേർത്തിളക്കുക. ഇനി മത്തങ്ങ ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. രണ്ടുമിനിറ്റോളം ഇളക്കി നിറംമാറും വരെ വേവിക്കുക. ഇനി രണ്ടുകപ്പ് വെള്ളം ചേർത്തിളക്കി പതിനഞ്ചു മിനിറ്റ് മൂടിവച്ച് വേവിക്കാം. മത്തങ്ങ നന്നായി വെന്തതിനു ശേഷം തണുക്കാൻ വെക്കുക. ശേഷം മിശ്രിതം ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക. സൂപ്പ് ബൗളിലേക്കു മാറ്റി ക്രീം കൊണ്ട് അലങ്കരിക്കാം. അൽപം കുരുമുളകുപൊടിയും മുകളിൽ തൂവി ആവശ്യത്തിന് ഉപയോഗിക്കാം.
Content Highlights: pumpkin soup recipe