നിരവധി കറികള്‍ക്കൊപ്പം ചേര്‍ക്കാന്‍ പറ്റിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വറുത്തും കറി വെച്ചും കഴിക്കാവുന്നതാണ്. കുടംമ്പുളിയിട്ട് തയ്യാറാക്കാവുന്ന് ഉരുളക്കിഴങ്ങ് കറി പരിചയപ്പെടാം

ചേരുവകള്‍ 

  1. ഉരുളക്കിഴങ്ങ് നീളത്തില്‍ നുറുക്കിയത് - അര കിലോ 
  2. വെളുത്തുള്ളി അരിഞ്ഞത് - അര ടീസ്പൂണ്‍ 
  3. ഇഞ്ചി അരിഞ്ഞത് - അര ടീസ്പൂണ്‍ 
  4. കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തിയത് - 1 വലിയ കഷണം 
  5. സവാള നീളത്തില്‍ അരിഞ്ഞത് 1 വലുത്
  6. തേങ്ങ ചിരകിയത് - 1 കപ്പ്
  7. മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍ 
  8. കടുക് - 1 ടീസ്പൂണ്‍ 
  9. തക്കാളി വലുതായി അരിഞ്ഞത് - 2 
  10. കറിവേപ്പില - 2 തണ്ട് 
  11. മുളകുപൊടി - 2 ടീസ്പൂണ്‍ 
  12. വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍ 
  13. പച്ചമുളക് നുറുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
  14. മല്ലിപ്പൊടി  -ഒന്നര ടീസ്പൂണ്‍ 
  15. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചിരകിയ തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. 

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ന്നു വഴന്നു കഴിയുമ്പോള്‍ പേസ്റ്റ് രൂപത്തിലാക്കിയ പൊടികള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ ചെറു തീയിലിട്ട് വഴറ്റുക. 

അതിനു ശേഷം തക്കാളിയും ചേര്‍ക്കുക. കുഴഞ്ഞ പരുവമായാല്‍ തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ചുകഴിഞ്ഞാല്‍ നുറുക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ കുടംപുളി ചേര്‍ക്കുക. അല്പം കൂടി കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കാം. 

ചെറു തീയിലിട്ട് എണ്ണ തെളിയുന്നതു വരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത ശേഷം ഉപയോഗിക്കാം.

Content Highlights: Potato curry recipe