വീടുകളിലെല്ലാം പണ്ട് സമൃദ്ധമായി ഉണ്ടായിരുന്ന ഒരു പച്ചക്കക്കറി വിഭവമാണ് പപ്പായ. സ്ഥല ഭേദങ്ങളനുസരിച്ച് കപ്പങ്ങ, കപ്പളങ്ങ, ഓമയ്ക്ക, കറുമൂസ... ഇങ്ങനെ പേരുകളുമുണ്ട് പലതരം. നിരവധി പോഷകഗുണങ്ങളുള്ള പപ്പായ പഴുത്താല്‍ ജ്യൂസായും ഷേക്കായും ഐസ്‌ക്രീമായും വെറുതെയുമൊക്കെ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്‌. പച്ചപപ്പായ തോരനായും പുളിശ്ശേരിയായും പലരൂപത്തില്‍ ഊണിന് രുചിയേറിയ വിഭവമാക്കാം. ഇന്ന് പപ്പായ മസാലക്കറി വച്ചാലോ  

ചേരുവകള്‍

 1. ഓമയ്ക്ക ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
 2. സവാള ചെറുതായി അരിഞ്ഞത് - അര കപ്പ്
 3. മുളക് പൊടി - ഒരു ടീസ്പൂണ്‍
 4. മപ്പാടി - അര ടീസ്പൂണ്‍
 5. മസാലപ്പൊടി - അര ടീസ്പൂണ്‍
 6. തേങ്ങ ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്
 7. കടുക്, മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
 8. പച്ചമുളക് - മൂന്ന് എണ്ണം
 9. തക്കാളി - ഒരെണ്ണം
 10. വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
 11. കറിവേപ്പില - ഒരു തണ്ട്
 12. വറ്റല്‍മുളക് - രണ്ട് എണ്ണം

തയ്യാറാക്കുന്ന വിധം

അടുപ്പത്ത് ചട്ടിവെച്ച് ചൂടായശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, തേങ്ങക്കൊത്ത് എന്നിവ ഇട്ട് വഴറ്റുക. സവാളയുടെ നിറം മാറിക്കഴിയുമ്പോഴേക്കും അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ഇട്ടുകൊടുത്ത് ഇളക്കാം. അഞ്ച് മിനിറ്റിന് ശേഷം ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ച് വെക്കാം. പത്ത് മിനിറ്റിനുശേഷം കാല്‍ കപ്പ് വെള്ളം ഒഴിച്ച് ഇളക്കി ചെറുതീയില്‍ വേവിക്കുക. കറി കുറുകി വരുമ്പോള്‍ കറിവേപ്പില, കടുക്, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വറുത്തത് താളിക്കുന്നതോടെ ഓമയ്ക്ക മസാലക്കറി തയ്യാര്‍.

Content Highlights: Papaya Masala Curry Recipe