പറമ്പില്‍ മുരിങ്ങയില്ലാത്ത വീടുകള്‍ കുറവായിരിക്കും. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള മുരിങ്ങിയില കേരളീയ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് മുരിങ്ങിയില ചോറ്. സോനാ മസൂരി/ ബസ്മതി അരിയാണ് ഇവിടെ ഉപയോഗിക്കുന്നത്

ആവശ്യമായ ചേരുവകള്‍ 

 1. ചോറ് ( സോനാ മസൂരി/ ബസ്മതി ) - 2 കപ്പ് 
 2. മുരിങ്ങയില - 1 കപ്പ് 
 3. സവാള -1 
 4. കറിവേപ്പില - ആവശ്യത്തിന് 
 5. കടുക് -1 ടീസ്പൂണ്‍ 
 6. ജീരകം - 1 ടീസ്പൂണ്‍ 
 7. ഉഴുന്ന് - 1 ടീസ്പൂണ്‍ 
 8. കടലപരിപ്പ് -1 ടീസ്പൂണ്‍ 
 9. കപ്പലണ്ടി -1 ടീസ്പൂണ്‍ 
 10. ഉണക്ക മുളക് - 3-4 എണ്ണം 
 11. ഉപ്പ് - ആവശ്യത്തിന് 
 12. എണ്ണ / നെയ്യ് - 1  1/2 ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

മുരിങ്ങയില കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഇട്ട്  വെള്ളം വറ്റി ക്രിസ്പി ആകുന്ന വരെ ഇളക്കി കൊടുക്കണം (വേണമെങ്കില്‍ വെള്ളം വറ്റി കഴിഞ്ഞാല്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കൊടുക്കാം). 
മുരിങ്ങയില നന്നായി ഫ്രൈ ആക്കി  തണുത്തതിനു ശേഷം മിക്‌സിയില്‍ പൊടിച്ചു എടുക്കുക. ഫ്രയിങ് പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകും ജീരകവും ഇട്ടു പൊട്ടിക്കുക. അതിലേക്കു ഉഴുന്ന്, കടലപ്പരിപ്പ് , കപ്പലണ്ടി എന്നിവ ചേര്‍ത്ത് നിറം മാറി വരുമ്പോള്‍ ഉണക്കമുളക് മുറിച്ചിട്ടത് ചേര്‍ത്ത് ഇളക്കുക. 
ശേഷം ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി സവാളയുടെ നിറം മാറി വരുമ്പോള്‍ പൊടിച്ചു വെച്ച മുരിങ്ങയിലയും  ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക . അതിലേക്കു വേവിച്ച ചോറ് ചേര്‍ത്ത് മിക്‌സ് ചെയ്തു  അടച്ചു വച്ച് 3 മിനുറ്റ് വേവിക്കുക. ശേഷം ഒന്ന് കൂടി ഇളക്കി വാങ്ങി വയ്ക്കാം .
അച്ചാറോ സാലഡോ കൂട്ടി കഴിക്കാം

Content Highlights: Muringa Leaves rice