വേലിയിറമ്പുകളിലും പറമ്പുകളിലും വളര്‍ന്നുനില്‍ക്കുന്ന മുള്ളുമുരിക്കിന്റെ ഇലത്തോരന്‍ അതീവ രുചികരവും പോഷകഗുണങ്ങളുള്ളതുമാണ്. ഇന്ന് മുരിക്കില കൊണ്ടുള്ള തോരനായാലോ
ചേരുവകള്‍
- മുരിക്കിന്റെ അധികം മൂപ്പെത്താത്ത തളിരില വൃത്തിയാക്കി ഞെട്ടും ഞരമ്പും കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്തത് - ഒരു കപ്പ്
- തേങ്ങാപ്പീര - അര കപ്പ്
- മഞ്ഞള്‍പ്പൊടി, മുളകുപൊടി - ആവശ്യത്തിന്
- ജീരകം - കാല്‍ ടീസ്പൂണ്‍
- വെള്ളുത്തുള്ളി - നാല് അല്ലി
- വെള്ളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
- കടുക് - ആവശ്യത്തിന്
- വറ്റല്‍മുളക് - രണ്ട് എണ്ണം
- കറിവേപ്പില - ഒരുതണ്ട്
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം എടുത്തുവെച്ചിരിക്കുന്ന തേങ്ങാപ്പീര, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം, വെള്ളുത്തുള്ളി എന്നിവ അരച്ച് (അല്ലെങ്കില്‍ നന്നായി ചതച്ച്) എടുക്കുക. ഇത് മാറ്റിവെച്ചശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ ഇടുക. തുടര്‍ന്ന് അരിഞ്ഞുവെച്ചിരിക്കുന്ന മുരിക്കില ഉപ്പും ചേര്‍ത്ത് ഇതിലേക്ക് ചേര്‍ക്കുക. മൂന്ന് മിനിറ്റ് ചെറുതീയില്‍ വഴറ്റുക. ശേഷം അരച്ചുവെച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് ഇളക്കി പത്ത് മിനിറ്റ് അടച്ചുവെക്കുക. തുടര്‍ന്ന് ഇളക്കി അടുപ്പില്‍നിന്ന് വാങ്ങിവെക്കുന്നതോടെ തോരന്‍ തയ്യാര്‍.
Content Highlights: Murikkila Thoran, Kerala naadan recipes