ഞായറാഴ്ച ആസ്വദിക്കാന്‍ രുചികരമായ മിക്‌സഡ് റിബണ്‍ റൈസും കോക്കനട്ട് ചിക്കന്‍ ഫ്രൈയും.
 
ചേരുവകള്‍
ബസ്മതി അരി- ഒരു കപ്പ് 
ചെറുപയര്‍- കാല്‍കപ്പ് (മുളപ്പിച്ച് കുഴയാതെ വേവിച്ചത്)
കാരറ്റ് അരിഞ്ഞത്- ഒന്ന് 
ബീന്‍സ് അരിഞ്ഞത്- പത്ത് 
മുള്ളങ്കി അരിഞ്ഞത്- ഒന്ന് 
തക്കാളി അരിഞ്ഞത്- ഒന്ന് 
കാബേജ് അരിഞ്ഞത്- ഒരു കപ്പ് 
സവാള അരിഞ്ഞത്- ഒന്ന്
പച്ചമുളക്, വറ്റല്‍മുളക്- രണ്ട് വീതം
ഇഞ്ചി- ഒരു വലിയ കഷ്ണം 
വെളുത്തുള്ളി- പതിനഞ്ച് അല്ലി
പട്ട- ഒരു കഷ്ണം
ഏലയ്ക്ക, ഗ്രാമ്പൂ- നാല് വീതം
തക്കോലം- മൂന്ന്
പെരുംജീരകം- കാല്‍ ടീസ്പൂണ്‍
കശുവണ്ടണ്ടി, മുന്തിരി- ഒരു കപ്പ് വീതം
ബദാം അരിഞ്ഞത്- കാല്‍ കപ്പ് 
കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു വലിയ സ്പൂണ്‍ 
നെയ്യ്- നൂറ് ഗ്രാം
പുതിനയില, മല്ലിയില- ഒരു കപ്പ് വീതം

ചിക്കന്‍ ഫ്രൈ ചെയ്യാനുള്ള ചേരുവകള്‍
ചിക്കന്‍ മുക്കാല്‍ കപ്പ്-(എല്ലില്ലാതെ ഒരിഞ്ച് നീളത്തില്‍ മുറിച്ചത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി, ഗരംമസാല- ഒരു ടേബിള്‍ സ്പൂണ്‍ വീതം
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍സ്പൂണ്‍
തേങ്ങ ചിരവിയത്- ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില- നാലു തണ്ട് 
വെളിച്ചെണ്ണ-ഒരു കപ്പ്

തയ്യാറാക്കുന്ന വിധം
ചിക്കനില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, നാരങ്ങാനീര്, കോണ്‍ഫ്‌ളോര്‍, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വെച്ചശേഷം വെളിച്ചെണ്ണയില്‍ വറുത്തുകോരുക. കറിവേപ്പിലയും വറുക്കണം. ചിക്കന്‍ വറുത്ത എണ്ണ ഒന്ന് അരിച്ചശേഷം ഒരു സ്പൂണ്‍ നെയ്യൊഴിച്ച് കറുവാപ്പട്ട,  ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം, പെരുംജീരകം എന്നിവ മൂപ്പിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ ചേര്‍ക്കുക. കാരറ്റ്, കാബേജ്, ബീന്‍സ്, സവാള, മുള്ളങ്കി, തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവയും മല്ലിയിലയും പുതിനയിലയും ചേര്‍ക്കുക. തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി അടുപ്പില്‍ നിന്നിറക്കാം. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി പാത്രം ചുറ്റിച്ചശേഷം വഴറ്റിവെച്ച മസാല നിരത്തുക. അതിനുമുകളില്‍ വറുത്ത ചിക്കന്‍, ശേഷം ചെറുപയര്‍, വേവിച്ച ബസ്മതി അരി എന്നിവ ചേര്‍ക്കുക. ഏറ്റവും മുകളില്‍ നെയ്യില്‍ വറുത്ത കശുവണ്ടണ്ടി, ബദാം, മുന്തിരിങ്ങ എന്നിവയും ചേര്‍ക്കുക. 

അടുപ്പില്‍ ദോശക്കല്ല് ചൂടാകുമ്പോള്‍ ചിക്കനും ചോറും യോജിപ്പിച്ച പാത്രം മൂടിവെച്ച് മുകളില്‍ ഒരു പരന്ന പാത്രത്തില്‍ അരഭാഗം വെള്ളംവെച്ച് തീ നന്നായി കുറച്ച് അഞ്ച് മിനിറ്റ് ദം ചെയ്‌തെടുക്കുക. ചൂടോടെ പപ്പടം, റെയ്ത്ത, നാരങ്ങയും ഈന്തപ്പഴവും ചേര്‍ന്ന അച്ചാര്‍ എന്നിവയ്‌ക്കൊപ്പം കഴിക്കാം.

Content Highlights: mixed ribbon rice and coconut chicken fry recipe, food, recipe