വേനല്‍ക്കാലമല്ലേ, താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല വയറു നിറയെ കഴിക്കാതെ ഇടവിട്ടു ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ ദഹിക്കുന്ന രുചികരമായ മിക്‌സഡ് ചോളക്കഞ്ഞി പരീക്ഷിച്ചാലോ?

ചേരുവകള്‍

 1. അരിച്ചോളം- അരക്കപ്പ്
 2. ഉപ്പ്- ആവശ്യത്തിന്
 3. കടുക്- അല്‍പം
 4. വെളിച്ചെണ്ണ- ആവശ്യത്തിന്
 5. കായം- അല്‍പം
 6. വെള്ളം- മൂന്ന് കപ്പ്
 7. ബീന്‍സ്, കാരറ്റ് എന്നിവ നുറുക്കിയത്- ഒരു കപ്പ്
 8. ഗ്രീന്‍പീസ്- അല്‍പം
 9. തക്കാളി അരിഞ്ഞത്- രണ്ട് കഷണം
 10. സവാള നുറുക്കിയത്- പകുതി
 11. മല്ലിയില- ആവശ്യത്തിന്
 12. വെള്ളം- നാലരക്കപ്പ്

തയ്യാറാക്കുന്ന വിധം
അരിച്ചോളം തരതരുപ്പായി പൊടിച്ചത് ഉപ്പും മൂന്ന് കപ്പ് വെള്ളവുമൊഴിച്ച് കുക്കറില്‍ വേവിക്കുക. പാനില്‍ എണ്ണ ചൂടാവുമ്പോള്‍ കടുകും കായവുമിട്ട് വറുത്ത് അതിലേക്ക് ബീന്‍സ്, കാരറ്റ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് മിതമായ തീയില്‍ നാല് മിനിറ്റ് വഴറ്റാം. ഇനി ഇതിലേക്ക് വേവിച്ച ചോളവും ഒന്നരക്കപ്പ് വെള്ളവും ചേര്‍ത്ത് ഏഴ് മിനിറ്റ് വീണ്ടും വേവിക്കുക. കഞ്ഞി വെന്താല്‍ തീയണച്ച് തക്കാളി, സവാള, മല്ലിയില എന്നിവ വിതറി ചൂടോടെ കുടിക്കാം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: mixed porridge recipe