മാവിന്‍ചുവട്ടില്‍ ഒത്തുകൂടിയിരുന്ന കുട്ടിക്കാലംമുതല്‍ക്കേ മാങ്ങച്ചമ്മന്തി ഏറെ പ്രിയമായിരുന്നു പ്രൊഫ. സാവിത്രി ലക്ഷ്മണന്. വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും ടീച്ചറുടെ നാവിന്‍ തുമ്പില്‍നിന്ന് ആ സ്വാദ് യാത്രപറഞ്ഞുപോയിട്ടില്ല.
എറണാകുളം, പറവൂരില്‍ വടക്കേക്കരയിലാണ് സാവിത്രി ലക്ഷ്മണന്‍ ജനിച്ചുവളര്‍ന്നത്. നാലാം ക്ലാസുവരെ കൂട്ടുകുടുംബമായിരുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം 13 പേരുണ്ടായിരുന്നു വീട്ടില്‍. പറമ്പില്‍നിന്നു കിട്ടുന്ന എല്ലാം കറികളായി മാറുമായിരുന്നു അന്നൊക്കെ. കൂട്ടത്തില്‍ ടീച്ചറുടെ മനസ്സില്‍ ഒന്നാംസ്ഥാനത്തെത്തിയത് മാങ്ങാച്ചമ്മന്തി. പുളിമാങ്ങയും നാളികേരവും മുളകും ഉള്ളിയുമൊക്കെ അരകല്ലില്‍ ലയിച്ച് ഒന്നാകുന്ന ചമ്മന്തിക്കുമുന്നില്‍ രുചിമുകുളങ്ങള്‍ എന്നും കീഴടങ്ങിനിന്നു.
അരകല്ലില്‍ അരച്ചെടുക്കാറുള്ള മാങ്ങാച്ചമ്മന്തി ഇടയ്ക്ക് ആട്ടുകല്ലിലും അമ്മ തയ്യാറാക്കുന്നത് സാവിത്രി ലക്ഷ്മണന്റെ മായാത്ത ഓര്‍മ്മയാണ്. അമ്മയുടെ മനോധര്‍മ്മമായിരുന്നു അത്. നല്ല ജോലിത്തിരക്കുള്ളപ്പോഴായിരുന്നു അങ്ങനെ ചെയ്തിരുന്നത്. കൂട്ടുകുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ള ചമ്മന്തി വലിയ അളവില്‍ തയ്യാറാക്കാന്‍ കഴിയുന്നതും സമയലാഭവുമാണ് 'ആട്ടുകല്ലിലെ ചമ്മന്തിക്കു' പ്രേരണയായത്. കാലം മാറിയപ്പോള്‍ മിക്സിയില്‍ മാങ്ങാച്ചമ്മന്തി അരച്ചെടുക്കുന്നതായി പതിവ്. എങ്കിലും അപൂര്‍വം അവസരങ്ങളില്‍ അമ്മിയില്‍ അരയ്ക്കും. ഒന്നിച്ചിരുന്ന് ഊണു കഴിക്കുന്ന സുഹൃദ്‌സദസ്സുകളില്‍ സാവിത്രി ടീച്ചര്‍ പങ്കുവെയ്ക്കാനിഷ്ടപ്പെടുന്നതും മാങ്ങാച്ചമ്മന്തിതന്നെ.
മാങ്ങാച്ചമ്മന്തി തയ്യാറാക്കുന്ന വിധം: നല്ല പുളിയുള്ള പച്ചമാങ്ങ തൊലികളഞ്ഞതിനുശേഷം കൊത്തിയരിയുക. കൊത്തിയരിഞ്ഞ പച്ചമാങ്ങയുടെ കാല്‍ഭാഗം മാത്രം വരാവുന്നത്ര തേങ്ങാ ചുരണ്ടിയെടുക്കുക. ഒരു മൂവാണ്ടന്‍മാങ്ങയ്ക്ക് രണ്ടെണ്ണം എന്ന കണക്കില്‍ ചുവന്നുള്ളി തൊലികളഞ്ഞ് വൃത്തിയാക്കി വെയ്ക്കണം. രണ്ടിതള്‍ കറിവേപ്പിലയും അടര്‍ത്തിവെയ്ക്കുക. കൊത്തിയരിഞ്ഞ മാങ്ങയില്‍ ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്തിളക്കിയതിനുശേഷം ആദ്യം നാളികേരം അരയ്ക്കുക. വെണ്ണപോലെ അരയ്ക്കരുത്. തുടര്‍ന്ന് അതിലേക്ക് മാങ്ങ ചതച്ച് ചെറുതായി അരച്ചെടുക്കുക. പിന്നാലെ ചുവന്നുള്ളിയും അതേമട്ടില്‍ ചതച്ച് ചേര്‍ക്കണം. ഏറ്റവും അവസാനം കറിവേപ്പിലയും കൂടി കൂട്ടിച്ചേര്‍ത്ത് ഒന്നു ചതച്ചെടുക്കാം. എല്ലാംകൂടി കൂട്ടിയോജിപ്പിച്ചുകഴിഞ്ഞാല്‍ ഒന്നാംതരം മാങ്ങാച്ചമ്മന്തിയായി. മുളകുപൊടി താത്പര്യമില്ലാത്തവര്‍ക്ക് പച്ചമുളകുമാത്രം ചേര്‍ത്തും ചമ്മന്തിയുണ്ടാക്കാം.
Content Highlights: mango chammanthi