ഫ്രൈഡ് ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എങ്കില്‍ നാടന്‍ രീതിയില്‍ കോഴിപൊരിച്ചത് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ

ചേരുവകള്‍

 • ചിക്കന്‍- 500 ഗ്രാം

മാരിനേറ്റ് ചെയ്യാന്‍

 1. മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
 2. കാശ്മീരി മുളകുപൊടി- രണ്ട് ടീസ്പൂണ്‍
 3. കുരുമുളകുപൊടി- ഒന്നര ടീസ്പൂണ്‍
 4. ഗരംമസാല- രണ്ട് ടീസ്പൂണ്‍
 5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ടര ടീസ്പൂണ്‍
 6. ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
 7. പെരുഞ്ചീരകം, വറുത്തത്- ഒരു ടീസ്പൂണ്‍
 8. മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
 9. നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍
 10. ഉപ്പ്- പാകത്തിന്

വറവലിന്

 1. വെളിച്ചെണ്ണ-  ആവശ്യത്തിന്
 2. കറിവേപ്പില- ആറ് എണ്ണം
 3. പച്ചമുളക്- രണ്ട്
 4. ജീരക്- നാല്
 5. കടുക്- നാല്

തയ്യാറാക്കുന്ന വിധം

മാരിനേറ്റ് ചെയ്യാനുള്ള ചേരുവകളെല്ലാം നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ചിക്കന്‍ നന്നായി കഴുകി കഷണങ്ങളാക്കി, ഓരോ കഷണത്തിന്റെയും പുറത്ത് കത്തിയോ ഫോര്‍ക്കോ കൊണ്ട് വരയുക. ഇനി മാരിനേറ്റ് ചെയ്യാനുള്ള മസാല നന്നായി പുരട്ടുക. രണ്ട് മണിക്കൂര്‍ മാറ്റി വയ്ക്കാം. 

കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ ചിക്കന്‍ ഡീപ്‌ഫ്രൈ ചെയ്‌തെടുക്കണം. ഒന്നിച്ച് കൂടുതല്‍ ചിക്കന്‍ കഷണങ്ങള്‍ ഫ്രൈ ചെയ്യേണ്ട. കുറച്ച് എണ്ണം വീതം വേണം വറുത്തെടുക്കാന്‍. വറുത്തെടുത്ത ചിക്കന്‍ പേപ്പര്‍ ടൗവ്വലില്‍ നിരത്തി വച്ച് അധികമുള്ള എണ്ണമയം കളയണം. 

ഇനി മറ്റൊരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുക്, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവയിട്ട് വറുത്തശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കോഴിപൊരിച്ചതിന് മുകളില്‍ തൂവുക. നാടന്‍ കേരള കോഴിപൊരിച്ചത് റെഡി. 

Content Highlights: Kerala Fried Chicken Kozhi Porichathu recipe