റോസ്റ്റ് ചെയ്തും ബിരിയാണിയാക്കിയും കറിവെച്ചും മാത്രം ചെമ്മീന്‍ കഴിച്ച് ശീലിച്ചവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ചെമ്മീന്‍ ഉപയോഗിച്ചുള്ള ഒരു കിടിലന്‍ സ്റ്റാര്‍ട്ടര്‍.

ചേരുവകള്‍ 

 
 1. ചെമ്മീന്‍ - 25 -എണ്ണം
 2. ചെറുനാരങ്ങാനീര് - രണ്ട് ടേബിള്‍ സ്പൂണ്‍
 3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
 4. ചുവന്നമുളക് അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
 5. ജീരകം പൊടിച്ചത് -  ഒരു ടീസ്പൂണ്‍
 6. മഞ്ഞള്‍പൊടി, മുളകുപൊടി - ഒരു ടീസ്പൂണ്‍ വീതം
 7. മുട്ട -ഒന്ന്
 8. ഗോതമ്പ് തരി-  ഒന്നര കപ്പ്
 9. ഉപ്പ്, എണ്ണ -ആവശ്യത്തിന് 
   

ചട്ണിക്ക് വേണ്ട ചേരുവകള്‍

 1. തേങ്ങ ചിരവിയത് - ഒരു കപ്പ്
 2. കാശ്മീരി ഉണക്കമുളക് - നാല്
 3. ഉപ്പ് - ആവശ്യത്തിന്
 4. കായം - ഒരു നുള്ള്
 5. കറിവേപ്പില - ആറിതള്‍
 6. എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം 
 

വാല്‍ കളയാത്ത പ്രോണ്‍സില്‍ ഉപ്പ്, ചെറുനാരങ്ങാനീര്, ലെമണ്‍ ജ്യൂസ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി അഞ്ച് മിനിട്ട് വെയ്ക്കുക. അധികമുള്ള വെള്ളം കളഞ്ഞ് മുളകുപൊടി, മുളക് അരച്ചത്, ജീരകപ്പൊടി, മഞ്ഞള്‍പൊടി, മുട്ട എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഗോതമ്പ് തരിയില്‍ പ്രോണ്‍സ് മുക്കിയെടുത്ത് വിരലുകള്‍ക്കിടയില്‍ വെച്ച് പതുക്കെ ഒന്നമര്‍ത്തുക. ഇനി ചൂടായ എണ്ണയിലിട്ട് ഡീപ് ഫ്രൈ ചെയ്യാം. തേങ്ങാചട്ണിക്കൊപ്പം കഴിക്കാം. 
 

ചട്ണി തയ്യാറാക്കുന്ന വിധം 
 

തേങ്ങ, ഉണക്കമുളക്, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് അരയ്ക്കുക. കായപ്പൊടി, കറിവേപ്പില എന്നിവ ഉപയോഗിച്ച് താളിക്കാം.
 
 Content Highlight; karwari fried prawns with chutney Recipe