ക്ക കൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാറുണ്ട്. ചക്കുപ്പുഴുക്ക്, ചക്കക്കൂട്ടാന്‍, ചക്കക്കുരുത്തോരന്‍ എന്നിങ്ങനെ. സാധാരണ ചക്കക്കറി വെക്കാനെടുത്താലും കളയുന്ന ഭാഗമാണ് ചക്കക്കൂഞ്ഞ്. എന്നാല്‍ അധികം മിനക്കെടാതെ ചക്കക്കൂഞ്ഞു കൊണ്ടും തോരനുണ്ടാക്കാവുന്നതാണ്. ചക്കക്കൂഞ്ഞ്- ചക്കക്കുരുത്തോരന്‍ തയ്യാറാക്കുന്ന വിധമാണ്‌ താഴെ നല്‍കിയിരിക്കുന്നത്. 

ചേരുവകള്‍

1. ചക്കയുടെ കൂഞ്ഞുചെറുതായി അരിഞ്ഞത് - ഒരു കപ്പ്

2. ചക്കക്കുരു ചെറിയ കഷണങ്ങളാക്കിയത് - അരക്കപ്പ്

3. തേങ്ങാക്കൊത്ത് - കാല്‍ക്കപ്പ്

4. ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് - കാല്‍ക്കപ്പ്

5. തേങ്ങ തിരുമ്മിയത് - അരക്കപ്പ്

6. പെരുംജീരകം - ഒരു സ്പൂണ്‍

7. കുരുമുളക് - രണ്ട് സ്പൂണ്‍

8. വെളുത്തുള്ളി - അഞ്ച് അല്ലി

9. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ (കാല്‍ ടീസ്പൂണ്‍ കഷണത്തിന്റെ കൂടെയും ചേര്‍ക്കണം)

10. മുളകുപൊടി - ഒരു സ്പൂണ്‍ (കാല്‍ ടീസ്പൂണ്‍ കഷണത്തിന്റെകൂടെ)

11. ഉപ്പ് - ആവശ്യത്തിന്

12. വെളിച്ചെണ്ണ - ആവശ്യത്തിന്

13. കറിവേപ്പില - മൂന്ന് തണ്ട്

14. കടുക് -  ഒരു ടീസ്പൂണ്‍

15. വറ്റല്‍മുളക് - മൂന്ന് എണ്ണം

തയ്യാറാക്കുന്ന വിധം

അഞ്ച് മുതല്‍ പത്ത് വരെയുള്ള സാധനങ്ങള്‍ ചതച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ ഇടുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള സാധനങ്ങള്‍ അതിലേക്കു ഇടുക.

അതിലേക്കു ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയിട്ട് ഇളക്കി, വെള്ളം (നിരന്നുകിടക്കും വിധം) ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി വെള്ളം വറ്റാറാകുമ്പോള്‍ അരച്ചുവെച്ച അരപ്പ് ചേര്‍ക്കാം. ഒന്നുകൂടി അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക. പിന്നീട് ഇളക്കി വറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ ചക്കക്കൂഞ്ഞ്ചക്കക്കുരു തോരന്‍ റെഡി.

Content Highlights: jackfruit recipe