ചിക്കന്‍ റോസ്റ്റ്, ചെമ്മീന്‍ റോസ്റ്റ് അങ്ങനെ നിരവധി തരം റോസ്റ്റുണ്ട്‌. സാധാരണ മീനിനെയും ഇത്തരത്തില്‍ റോസ്റ്റ് ചെയ്‌തെടുക്കാവുന്നതാണ്. ഇവിടെ റോസ്റ്റ് ചെയ്യാനായി കിംഗ് ഫിഷാണ് ഉപയോഗിച്ചിരിക്കുന്നത്്. വളരെ എളുപ്പത്തില്‍ ഈ റോസ്റ്റ് തയ്യാറാക്കാവുന്നതാണ്

ചേരുവകള്‍

 1. മത്സ്യം: (കിംഗ് ഫിഷ്) 350 ഗ്രാം
 2. വെളുത്തുള്ളി പേസ്റ്റ്: 1 ടിസ്പൂണ്‍
 3. വെളുത്തുള്ളി അരിഞ്ഞത്: 1 ടീസ്പൂണ്‍
 4. പെരുംജീരകം: 1/2 ടീസ്പൂണ്‍
 5. കറിവേപ്പില: 2 വള്ളി
 6. കുരുമുളക് പൊടി: 1 ടീസ്പൂണ്‍
 7. മുളകുപൊടി: 3/4 ടീസ്പൂണ്‍
 8. മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍
 9. ഗരം മസാല: 1/4 ടീസ്പൂണ്‍
 10. പെരുംജീരകം: 2 പിഞ്ച്
 11. വിനാഗിരി: 2 ടീസ്പൂണ്‍
 12. ഉള്ളി: 3 വലുത്
 13. വെള്ളം: 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ഉപയോഗിച്ച് മത്സ്യം മാരിനേറ്റ് ചെയ്യുക. 15 മിനുട്ട് മാറ്റി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ മത്സ്യം വറുത്തെടുക്കുക. അതേ എണ്ണയില്‍ പെരുംജീരകം, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് സവാളയും ഉപ്പും ചേര്‍ക്കുക. സവാള സ്വര്‍ണ്ണ നിറമാകുന്നതുവരെ വഴറ്റുക. ഇപ്പോള്‍ 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. 3/4 ടിസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി കുരുമുളക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വിനാഗിരിയും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഗരം മസാലയും പെരുംജീരകപൊടിയും ചേര്‍ക്കുക. ഇപ്പോള്‍ വറുത്ത മീന്‍ മസാലയില്‍ കുറഞ്ഞ തീയില്‍ റോസ്റ്റ്  ചെയ്‌തെടുക്കുക. പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക.

Content Highlights: Fish roast recipe